വാടക വീടൊക്കെ എടുത്ത് ഈ പണി തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു. അപ്പോഴേക്കും പൊലീസെത്തി

കോഴിക്കോട്: വാടക വീടൊക്കെ എടുത്ത് ഈ പണി തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു. അപ്പോഴേക്കും പൊലീസെത്തി പൊക്കി. വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ യുവാവാണ് പിടിയിലായത്. എം ഡി എം എ യുമായി മാങ്കാവ് വാളക്കടത്താഴം വണ്ടികകം വീട്ടിൽ ജാബിർ അലി (22) അറസ്റ്റിലാവുകയായിരുന്നു. കോട്ടൂളി പനാത്തുതാഴത്തുള്ള വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. 

കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി മരുന്നുമായി പ്രതിയെ പിടികൂടിയത്. കേരളത്തിന് പുറത്തുനിന്നും വലിയ അളവിൽ എംഡിഎംഎ എത്തിക്കുകയും വീട്ടിൽ വച്ച് തന്നെ 5 ഗ്രാം 10 ഗ്രാം പായ്ക്കറ്റുകൾ ആക്കി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. 

കഴിഞ്ഞ കുറേ ദിവസങ്ങളായി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ജാബിർ അലി. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ വിലപ്പെട്ട പല തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read more: ഹോട്ടലിലെത്തിയ പൊലീസ് ആദ്യം പിടികൂടിയത് യാസിറിനെയും അപര്‍ണയെയും; ചോദ്യം ചെയ്തപ്പോള്‍ മറ്റുള്ളവരും കുടുങ്ങി

കോഴിക്കോട് സിറ്റി ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസിലെ സിപിഒ മാരായ ഷിനോജ്,സരുൺകുമാർ, ശ്രീശാന്ത്, തൗഫീഖ്,ലതീഷ്, മഷ്ഹുർ എന്നിവരും മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നിതിൻ,റസാഖ്‌,സിപിഒ മാരായ ബിജു, പ്രജീഷ്, ശ്രീലേഷ് കുമാർ , ഹോം ഗാർഡ് ബിജു എന്നിവരും ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം