ചാരുംമൂട്: ആലപ്പുഴ നൂറനാടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേൽ സ്വദേശിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പാലമേൽ ആദിക്കാട്ടുകുളങ്ങര കൈതക്കോട്ടത്ത് പടിഞ്ഞാറെക്കരയിൽ ഫൈസൽ (24) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പെൺകുട്ടിയുടെ അമ്മ നൂറനാട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി നൽകിയതിന് പിന്നാലെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് ഫോൺ ലൊക്കേഷൻ പിൻതുടർന്ന പൊലീസ് ഇയാളെ തമിഴ്നാട്ടിലെ ഏർവാടി മുസ്ലീം പള്ളിക്ക് സമീപത്തുനിന്നുമാണ് പിടികൂടിയത്. നൂറനാട് സബ്ബ് ഇൻസ്പെക്ടർ ആയൂബ് ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.