ആകെ 184.43 ഗ്രാം മെത്താംഫിറ്റമിൻ, 89.423 ഗ്രാം എംഡിഎംഎ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

കണ്ണൂർ: വ്യാവസായിക അളവിലുള്ള രാസലഹരിയും 12 ഗ്രാമിലധികം ഹാഷിഷ് ഓയിലുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ കരിപ്പാൽ സ്വദേശി മുഹമ്മദ്‌ മഷൂദ്.പി (29 ), അഴീക്കോട്‌ നോർത്ത് സ്വദേശിനി ഇ. സ്നേഹ(25) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ റിസോർട്ടിലും സ്നേഹയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്. ആകെ 184.43 ഗ്രാം മെത്താംഫിറ്റമിൻ, 89.423 ഗ്രാം എംഡിഎംഎ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു.സി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികളെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം പരിശോധിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.

അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽകുമാർ.പി.കെ, അബ്ദുൽ നാസർ.ആർ.പി, പ്രിവൻറ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഖാലിദ്.ടി, സുഹൈൽ.പി.പി, ജലീഷ്.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർമാരായ അജിത്.സി, ഷാമജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ.പി, ഷബ്‌ന, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു.പി.വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.