ആകെ നീളം 13 കിലോമീറ്റർ. എന്നാൽ ഇന്ന് കനാലുകളുടെ അവസ്ഥ കാണേണ്ടതാണ്. കനാൽ വെട്ടിയത് എവിടെയാണെന്ന് കാണാന്‍ പോലും പറ്റാത്ത അവസ്ഥ. കാട് മൂടി കനാല്‍ തന്നെ ഇല്ലാതായി. 

കൊട്ടാരക്കര : നിർമ്മാണം പൂർത്തിയായി രണ്ടര പതിറ്റാണ്ടായിട്ടും കൊട്ടാരക്കരയിലെ കനാലിൽ വെള്ളമെത്തിയില്ല. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായിട്ടാണ് കനാൽ നിർമ്മിച്ചത്. കര്‍ഷകരടക്കം നിരവധി പേരാണ് കനാലിലൂടെ വെള്ളം കിട്ടുന്നതിനായി കാത്തിരിക്കുന്നത്. 1996 ലാണ് കൊട്ടാരക്കര നഗരസഭ പരിധിയിലൂടെയും മൈലം, കുളക്കട പഞ്ചായത്തിലൂടെയും കടന്നു പോകുന്ന കനാൽ നിര്‍മ്മിച്ചത്. ആകെ നീളം 13 കിലോമീറ്റർ. എന്നാൽ ഇന്ന് കനാലുകളുടെ അവസ്ഥ കാണേണ്ടതാണ്. കനാൽ വെട്ടിയത് എവിടെയാണെന്ന് കാണാന്‍ പോലും പറ്റാത്ത അവസ്ഥ. കാട് മൂടി കനാല്‍ തന്നെ ഇല്ലാതായി. 

വേനൽ കടുത്താൽ ഈ പ്രദേശങ്ങളിലെ കിണറുകൾ വറ്റും. കുടിക്കാന്‍ പോലും വെള്ളമില്ലാത്തിടത്ത് കൃഷി അസാധ്യം. മൂന്ന് മാസക്കാലം കര്‍ഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. മഴയെ ആശ്രയിച്ച് മാത്രമാണ് ഇപ്പോള്‍ പ്രദേശത്ത് കൃഷി നടക്കുന്നത്. ബാക്കിയുള്ള ആറ് മാസക്കാലത്തോളം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നും മുന്‍ പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍ നായര്‍ പറയുന്നു. കനാല്‍ നിര്‍മ്മാണത്തിലെ പിഴവാണ് കനാലില്‍ വെള്ളമെത്തിക്കുന്നത് തടയുന്നത്. ചെന്തറ ഭാഗത്തെ കോണ്‍ക്രീറ്റ് അക്വിഡിറ്റ് നിര്‍മ്മാണത്തിലെ അപാകതകളാണ് വെള്ളം എത്താതിരിക്കാൻ കാരണമെന്നാണ് കനാൽ ഇറിഗേഷൻ പ്രൊജക്ട് ഓഫീസര്‍ നൽകുന്ന മറുപടി. ഇനിയെങ്കിലും എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി കനാൽ തുറക്കുകയാണ് ലക്ഷ്യം. ഇതിനായി അമ്പത് ലക്ഷത്തിലേറെ രൂപ വേണ്ടി വരുമെന്നാണ് ഇറിഗേഷൻ വകുപ്പ് തന്നെ പറയുന്നത്.