ആധുനിക സംവിധാനങ്ങളോടെ ആരംഭിച്ച ഓഫീസിൽ മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള എല്ലാ സേവനങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. 90 ശതമാനം സേവനങ്ങൾക്കും ഓൺലൈനായി പണം അടക്കാനുള്ള സംവിധാനമുണ്ട്. ട്രാന്‍സ്പോര്‍ട്ട്, സ്വകാര്യ വാഹനങ്ങള്‍ക്ക് ഓൺലൈനായി തന്നെ ടാക്സ് അടക്കാനും പ്രിന്റ് നൽകാനും സൗകര്യമുണ്ട് .
തിരുവനന്തപുരം: പുതിയതായി ആരംഭിച്ച കാട്ടാക്കട സബ് ആർ.ടി ഓഫീസിൽ നിന്നും ഇതുവരെ 250 ഓളം വാഹനങ്ങൾ കെഎല്‍ 74 രജിസ്ട്രേഷനുമായി നിരത്തിലിറങ്ങി . കെഎല്‍ 74-4 എന്ന നമ്പർ സ്വന്തമാക്കി കാട്ടാക്കട സ്വദേശി വിജയകുമാർ ആണ് ആദ്യ വാഹനം പുറത്തിറക്കിയത്. അതേസമയം KL 74-1 എന്ന നമ്പർ ഇപ്പോഴും പൊന്നും വിലക്ക് ഉടമയെ കാത്തു കിടക്കുകയാണ് .ഒരുലക്ഷം രൂപയാണ് ഇതിനായി നൽകേണ്ടത്. ഇരുചക്ര വാഹനങ്ങളാണ് രജിസ്ട്രേഷനു അധികവും ഉണ്ടായിരുന്നത് .
ആധുനിക സംവിധാനങ്ങളോടെ ആരംഭിച്ച ഓഫീസിൽ മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള എല്ലാ സേവനങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. 90 ശതമാനം സേവനങ്ങൾക്കും ഓൺലൈനായി പണം അടക്കാനുള്ള സംവിധാനമുണ്ട്. ട്രാന്‍സ്പോര്‍ട്ട്, സ്വകാര്യ വാഹനങ്ങള്‍ക്ക് ഓൺലൈനായി തന്നെ ടാക്സ് അടക്കാനും പ്രിന്റ് നൽകാനും സൗകര്യമുണ്ട് . നേരിട്ട് അപേക്ഷ നൽകുന്നവർക്കായി എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 4.30വരെ പ്രവർത്തിക്കുന്ന ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ അന്ന് തന്നെ സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്. ഡ്രൈവിംഗ്- കണ്ടക്ടർ ലൈസൻസ് പുതുക്കൽ, ഉടമാവകാശം മാറ്റൽ, ആർ.സി.ബുക്കിലെ മേൽവിലാസം മാറ്റൽ, പെർമിറ്റ് പുതുക്കൽ, ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്തൽ തുടങ്ങി ഒൻപത് സേവനങ്ങൾ ഫാസ്റ്റ് ട്രാക്ക് കൗണ്ടർ മുഖേന ലഭിക്കും.
കാട്ടാക്കടയുടെ ചുറ്റുവട്ടത്തുതന്നെ സ്വകാര്യവും സർക്കാർ നിയന്ത്രണത്തിലുള്ളതുമായ നിരവധി ഗ്രൗണ്ടുകൾ ഉണ്ടെങ്കിലും കിലോമീറ്ററുകൾ മാറിയാണ് ഇപ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം മലയിൻകീഴ് വലിയറത്തലയിൽ ഒരുക്കിയിരിക്കുന്നത്. മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല സ്റ്റേഡിയം ടെസ്റ്റിനായി നൽകണം എന്ന ആവശ്യം ഉയർന്നെങ്കിലും പഞ്ചായത്ത് വിട്ടുനൽകാൻ തയ്യാറായിട്ടില്ല. ഡ്രൈവിംഗ് ടെസ്റ്റ് വലിയറത്തലയിലെ ഗ്രൗണ്ടിലും വാഹനങ്ങളുടെ പരിശോധനകൾ കാട്ടാക്കട നക്രംചിറയ്ക്കു സമീപവുമാണ് നടക്കുന്നത്.
