കാസർകോട് പടന്നയിൽ 16കാരിയെ വിവാഹം ചെയ്ത 28കാരൻ കേസിനെ തുടർന്ന് ദക്ഷിണ കൊറിയയിലേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. പെൺകുട്ടിയുടെ പിതാവും പഞ്ചായത്തംഗവും ഉൾപ്പെടെയുള്ള മറ്റ് പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പള്ളി കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
കാസർകോട്: പടന്നയിലെ ശൈശവ വിവാഹത്തിൽ പരാതി ഉയർന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് പോയ വരൻ ഷാബിറിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെ മറ്റ് മൂന്ന് പ്രതികളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. തുടർന്ന് അറസ്റ്റിലേക്കുള്ള നടപടികളിലേക്ക് കടക്കും. അതേസമയം ശൈശവ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെയെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ശൈശവ വിവാഹ നിരോധന ഓഫീസർ പറയുന്നു. വിവാഹത്തിന്റെ രേഖകളൊന്നും പള്ളിയിലില്ല. വിവാഹം കഴിഞ്ഞതിന് ശേഷമാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് ഉസ്താദ് അറിഞ്ഞത്. ഉസ്താദിനെ പള്ളി കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. വിവാഹ വിവരം മറച്ചുവെക്കാൻ ശ്രമമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹം നടന്നത് ഇരു കുടുംബങ്ങളും ആദ്യം സമ്മതിച്ചില്ല.
വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഘട്ടത്തിൽ ഉസ്താദാണ് നൽകിയത്. പള്ളിക്കാൽ ജുമാ മസ്ജിദിൽ വിവാഹം നടത്താൻ കേസിലെ പ്രതിയായ പഞ്ചായത്തംഗം താജുദീൻ സമ്മർദം ചെലുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. താജുദീനെ തള്ളി പഞ്ചായത്തും രംഗത്ത് എത്തി. താജുദീന് വലിയ ജാഗ്രതക്കുറവ് ഉണ്ടായെന്നു പഞ്ചായത്ത് പ്രസിഡന്റ് പി സി സുബൈദ പറഞ്ഞു. ഏപ്രിൽ 13 നായിരുന്നു 16 വയസുള്ള പെൺകുട്ടിയും 28കാരനും തമ്മിലുള്ള വിവാഹം. എടച്ചാക്കൈ അഴീക്കൽ ജുമാമസ്ജിദിലാണ് വിവാഹം നടന്നതയാണ് പരാതി. സംഭവത്തിൽ പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28), പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി. കെ താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശൈശവ വിവാഹ നിരോധന ഓഫീസർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് ചന്തേര പൊലീസ് കേസെടുത്തത്.
അന്വേഷണം നടത്തിയതിന്റെ വിശദമായ റിപ്പോർട്ട് ശൈശവ വിവാഹ നിരോധന ഓഫീസർ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് കേസ് എടുത്തത്. മറ്റൊരു റിപ്പോർട്ട് ജില്ലാ ചൈൽഡ് ലൈനും കൈമാറിയിരുന്നു. റിപ്പോർട്ടിൽ ശൈശവ വിവാഹം നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്. നിയമംമൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈൽഡ് ലൈൻ തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും അറിയിച്ചിരുന്നു. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തുകൊടുത്തുവെന്ന കാസർകോട് ചൈൽഡ് ലൈനിൽ നാട്ടുകാർ പരാതി നൽകിയതായി പറയുന്നു. തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പതിനാറുകാരി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തി കൊടുത്തിരുന്നില്ല. ഇതിനാലാണ് വരന്റെ നാട്ടിൽ വിവാഹം നടന്നത്. ഏപ്രിൽ 13 നായിരുന്നു ഉസ്താദിന്റെ കാർമ്മികത്വത്തിൽ പള്ളിയിൽ വിവാഹം നടന്നത്. നാട്ടിലെ ഒരു സംഘം യുവാക്കൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
