വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി. ഇവർക്കായി ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിത തിരച്ചിൽ തുടരുകയാണ്.  

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ 3 തൊഴിലാളികളെ കടലിൽ കാണാതായി.വെട്ടുകാട് സ്വദേശികളായറോബിൻസൺ (55, ജോർജ്ജ് വില്യം),സനു(45), വലിയവേളി സ്വദേശി ബാബു(40) എന്നിവരെയാണ് കാണാതായത്. ലിബിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ 28ന് വൈകിട്ട് 3ഓടെ കടലിൽ പോയ ഇവർ ഇന്ന് രാവിലെ ആറോടെ തിരികെ എത്തേണ്ടതായിരുന്നു.എന്നാൽ കാണാതിരുന്നതോടെ സുഹൃത്തുക്കളും തൊഴിലാളികളും തിരച്ചിൽ ആരംഭിച്ചു.ഒപ്പം ഫിഷറീസ് വകുപ്പും തെരച്ചിൽ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാടക തിരച്ചിൽ ബോട്ടുകളിലൊന്നായ ആഴിമലശിവൻ ഉച്ചവരെയും ശേഷം കേദാർനാഥ് എന്ന ബോട്ട് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.ഇതു കൂടാതെ കാണാതായവരുടെ ബന്ധുക്കളുൾപ്പെടെ നാട്ടുകാരുടെ സംഘം,കോസ്‌റ്റ് ഗാർഡ്,തീരദേശ പൊലീസ് എന്നിവരും തിരച്ചിൽ നടത്തുകയാണ്. കടലിൻ്റെ ഒഴുക്ക് തെക്കോട്ട് എന്ന നിലയ്ക്ക് കന്യാകുമാരി, കുളച്ചൽ ഭാഗത്തേക്കാണ് അന്വേഷണം നടത്തുന്നത്. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ തിരയുന്നതിന് നാവിക സേനയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തീരദേശ പൊലീസ്, ഫിഷറീസ് അധികൃതർ എന്നിവർ കലക്ടർക്ക് കത്തു നൽകി.സേന ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.