വീട്ടു വളപ്പില്‍ സൂക്ഷിച്ചിരുന്ന വൈക്കോല്‍ കൂന ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടെയാണ് അജ്ഞാതര്‍ തീയീട്ട് നശിപ്പിച്ചത്.


കൊയിലാണ്ടി: എടക്കുളം ചെങ്ങോട്ടുകാവ് പൂക്കാട്ട് കുഞ്ഞിരാമന്‍റെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന വൈക്കോല്‍ കൂനയാണ് ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടെ അജ്ഞാതര്‍ തീയീട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ വൈക്കോല്‍ കൂനയില്‍ നിന്നും തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് പരിസരവാസികളും കൊയിലാണ്ടി ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. 

കറവയുള്ളതും ഇല്ലാത്തതും കുട്ടിയുമടക്കം അഞ്ച് പശുക്കളെ വളര്‍ത്തുന്നുണ്ടെന്നും ഇവയ്ക്കാവശ്യമായി 30 കെട്ട് വൈക്കോല്‍, കെട്ടിന് 280 രൂപ വച്ച് വില കൊടുത്ത് വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും കുഞ്ഞിരാമന്‍റെ മകന്‍ സുകേഷ് പറഞ്ഞു.

പരാതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് കൊയിലാണ്ടി പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. രണ്ട് വീട്ടുകാര്‍ തമ്മില്‍‌ വഴിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് തീ വെയ്പ്പിന് കാരണമാണോയെന്നും അന്വേഷണം നടക്കുന്നു. എന്നാല്‍, സംശയാസ്പദമായ തരത്തില്‍ ആരെയും കണ്ടെത്താന്‍‌ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.