മലപ്പുറം: മലപ്പുറത്ത് അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പുൽപ്പറ്റ സ്വദേശി വടക്കേതൊടിക അബ്ദുൽ റഷീദ് (30) ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരം വാറങ്കോട് എം ബി ഹോസ്പിറ്റലിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. വിൽപ്പനക്കായി ആന്ധ്രയിൽ നിന്ന് എത്തിച്ച അഞ്ച് കിലോ കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെടുത്തു. 

ഇയാളുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ മാസം ആദ്യത്തിൽ നാല് കിലോ കഞ്ചാവുമായി പിടികൂടിയ മോങ്ങം സ്വദേശി അബ്ദുൽ ഖാദറിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആഴ്ചകളോളമുള്ള നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം പറഞ്ഞു. 

മലപ്പുറം റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. അശോഖ് കുമാർ, പ്രിവന്‍റീവ് ഓഫിസർമാരായ വി. മായിൻ കുട്ടി, ടി.വി ജ്യോതിഷ് ചന്ദ്, ടി. ബാബുരാജൻ, വി. അരവിന്ദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.സി അച്ചുതൻ, കെ. ശംസുദ്ദീൻ, എം. റാഷിദ്, വി.ടി സൈഫുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി. ജിഷ ഡ്രൈവർ വി.വി ശശീന്ദ്രൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.