28-ാം വയസിലാണ് കൊരണ്ടിക്കാട് സ്വദേശിയായ മാരിയപ്പന്‍ ബസ് അസോസിയേഷന്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുന്നത്.

ഇടുക്കി: മുപ്പത് വര്‍ഷം കാത്തിരുന്നു, ഇനിയും എത്രനാള്‍ കാത്തിരിക്കണം മൂന്നാറിലൊര് ബസ്സ്റ്റാന്റിനായി ഇതാണ് മാരിയപ്പന്‍റെ ചോദ്യം. 28-ാം വയസിലാണ് കൊരണ്ടിക്കാട് സ്വദേശിയായ മാരിയപ്പന്‍ ബസ് അസോസിയേഷന്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുന്നത്. മൂന്നാര്‍ ടൗണിലെ ബസ് സ്‌റ്റോപ്പില്‍ പ്രൈവറ്റ് ബസുകളെത്തുന്ന സമയം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുകയാണ് മാരിയപ്പന്റെ ജോലി. 

എന്നാല്‍ സ്വന്തമായി ഇരിപ്പിടവും ഉച്ചഭാഷണിയും ഇല്ലാതെ വന്നതോടെ കാത്തിരിപ്പ് കേന്ദ്രത്തില്‍ അഭയം തേടി. അവിടെയിരുന്ന് ബസുകളുടെ സമയക്രമം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് യാത്രക്കാരെ അറിയിക്കും. മാരിയപ്പന്‍ ജോലിയില്‍ പ്രവേശിച്ച അന്നുമുതലുള്ള ആവശ്യമാണ് മൂന്നാറില്‍ ഒരു ബസ്സ്റ്റാന്റ് വേണമെന്നത്. രാഷ്ട്രീയ പ്രതിനിധികളോടും പഞ്ചായത്തിനോടും പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നുംമുണ്ടായില്ല. 

ഇതോടെ പൊലീസിന്റെ നേത്യത്വത്തില്‍ കൂടുന്ന ട്രാഫിക്ക് അഡൈ്വസറി കമ്മറ്റിയില്‍ ആവശ്യമുന്നയിച്ചു. അംഗീകരിക്കാമെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പഞ്ചായത്ത് ബസ്സ്റ്റാന്റ് നവീകരിച്ചപ്പോൾ മാരിയപ്പിന് ഇരിപ്പിടം സജ്ജീകരിച്ചുനല്‍കി. എന്നാല്‍ ട്രാഫിക്ക് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ബസ്സ്‌റ്റോപ്പ് ഇപ്പോള്‍ പോസ്‌റ്റോഫീസ് കവലയിലേക്ക് പഞ്ചായത്ത് മാറ്റിസ്ഥാപിച്ചിരിക്കുകയാണ്. 

ഓട്ടോ ടാക്‌സി വാഹനങ്ങളടക്കം നിര്‍ത്തിയിടുന്ന ഭാഗത്ത് ബസ് സ്‌റ്റോപ്പ് എത്തിയതോടെ യാത്രക്കാര്‍ക്ക് അല്പനേരം വിശ്രമിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. മാരിയപ്പന്റെയും സ്ഥിതി മറിച്ചല്ല. പഴയമൂന്നാറില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ് സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചതുമില്ല. നിലവില്‍ യാത്രക്കാര്‍ക്ക് എവിടെയാണ് ബസ് നിര്‍ത്തുന്നതെന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെടണമെന്നാണ് അസോസിയേന്‍ അംഗങ്ങളുടെയും അഭ്യര്‍ത്ഥന.