വാളയാർ എക്സൈസ് ചെക്ക്പോസ്റ്റില്‍ മൂന്നാഴ്ച്ചയ്ക്കിടെ പിടികൂടിയത് ഒരു കോടിയില്‍ അധികം രൂപ. മൂന്നാഴ്ച്ചക്കുള്ളിൽ ഒരു കോടി 92950 രൂപയാണ് മൂന്ന് ഘട്ടങ്ങളായി പിടികൂടിയത്.
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റില്‍ മൂന്നാഴ്ച്ചയ്ക്കിടെ പിടികൂടിയത് ഒരു കോടിയില്‍ അധികം രൂപ. മൂന്നാഴ്ച്ചക്കുള്ളിൽ ഒരു കോടി 92950 രൂപയാണ് മൂന്ന് ഘട്ടങ്ങളായി പിടികൂടിയത്. കഴിഞ്ഞമാസം 13 -നാണ് ആദ്യം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷം രൂപയും 15-ന് എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാന്തിന്റെ നേതൃത്വത്തിൽ നാൽപത് ലക്ഷത്തി 71500 രൂപയും ഇന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി 38 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തത്.
വാളയാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ചഎസ് ഹരീഷിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ നിഷാന്ത് കെ -യും പ്രദീപ് വിഎസും അടങ്ങുന്ന സംഘം നടത്തിയ വാഹനപരിശോധനയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിലെ യാത്രകാരനായിരുന്ന മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി അക്കര വീട്ടിൽ താജുദ്ദീൻ എന്നയാളുടെ പക്കൽ നിന്നാണ് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 38.58 ലക്ഷം രൂപ കണ്ടെടുത്തത്.
ഓണത്തിനു മുന്നോടിയായി ഇത്തരത്തില്‍ യാതൊരു രേഖയുമില്ലാതെ കറൻസിയും അന്യസംസ്ഥാന മദ്യമടക്കം വ്യാജലഹരിപദാർഥങ്ങളും എത്തുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേ ശാനുസരണം പരിശോധന കൂടുതല്‍ കർശനമാക്കിയത്.
പരിശോധന തുടരുമെന്ന് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടര്‍ എച്ച്എസ് ഹരീഷ് അറിയിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എൻ രമേഷ് കുമാർ, മേഘനാഥ്, ഷാജികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ, അനിൽകുമാർ, ഷേക്ക് ദാവൂദ് എന്നിവരുമുണ്ടായിരുന്നു.
