ഷൈനി ആശുപത്രിയില്‍ പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകും കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുകാരുമായി അടുത്ത ബന്ധമുളളവരെ കേന്ദീകരിച്ചാണ് ഇപ്പോൾ അന്വേഷണം
തൃശൂര്‍: ചാലക്കുടിയില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണം കവര്‍ന്നു. പ്രവാസിയായ ചാലക്കുടി സ്വദേശി ജോണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജോണിയുടെ വീട്ടില്‍ ഭാര്യ ഷൈനിയും മകനുമാണ് താമസിക്കുന്നത്. അസുഖത്തെ തുടര്‍ന്ന് ഷൈനി മകനെയും ബന്ധുക്കളെയും കൂട്ടി ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോഴാണ് മുൻവശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കിടപ്പുമുറിയുടെ അലമാരയിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇത് പൂര്‍ണമായും നഷ്ടപ്പെട്ടു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. ഷൈനി ആശുപത്രിയില്‍ പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകും കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുകാരുമായി അടുത്ത ബന്ധമുളളവരെ കേന്ദീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
