ആലപ്പുഴ ഭാഗത്തുനിന്ന് ഇഷ്ടികയുമായി ഹരിപ്പാട് ഭാഗത്തേക്കു പോയ ലോറിയുടെ മുൻഭാഗത്ത് വലതുവശത്തെ ടയറാണ് ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചത്. 

അമ്പലപ്പുഴ: ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി നിയന്ത്രണം തെറ്റിയ ലോറിയിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് മാളിയേക്കൽ വീട്ടിൽ സെയ്ദ് മുഹമ്മദ്- സുലേഖ ദമ്പതികളുടെ മകൻ സെയ്ഫുദ്ദീൻ (47) ആണ് മരിച്ചത്.ദേശീയ പാതയിൽ പുറക്കാട് പുത്തൻ നടക്കു സമീപം ഇന്ന് ഉച്ചക്കു ശേഷം 2.30 ഓടെയായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്തുനിന്ന് ഇഷ്ടികയുമായി ഹരിപ്പാട് ഭാഗത്തേക്കു പോയ ലോറിയുടെ മുൻഭാഗത്ത് വലതുവശത്തെ ടയറാണ് ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചത്. ഈ സമയം ദേശീയപാതക്കു പടിഞ്ഞാറു ഭാഗത്തു കൂടി വടക്കോട്ടു വരുകയായിരുന്നു സെയ്ഫുദ്ദീൻ. സെയ്ഫുദ്ദീനെ ഇടിച്ചിട്ട ലോറി സമീപത്തെ വീടിന്‍റെ മതിൽ തകർത്ത് തെങ്ങിൽ ഇടിച്ചു. 

തെങ്ങിന്‍റെ ചുവടു ഭാഗം ഒടിഞ്ഞ് മൂന്ന് മീറ്ററോളം മാറി ലോറിയിൽ ഉടക്കി നിന്നു. ഇതിനിടെ ഓടിക്കുടിയ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി സെയ്ഫുദ്ദീനെ പുറത്തെടുത്തെങ്കിലും ഇദ്ദേഹത്തിന്‍റെ ഒരു കാൽ അറ്റ് ലോറിക്കടിയിൽപ്പെട്ടിരുന്നു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 

ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട കാൽ കണ്ടെത്താൻ അപകടത്തില്‍പ്പെട്ട ലോറി മാറ്റുന്നതിനിടെ ഇതിൽ ഉടക്കി നിന്ന തെങ്ങ് മറിഞ്ഞ് 110 കെവി ലൈനും, വൈദ്യുത പോസ്റ്റും തകരുമെന്ന സ്ഥിതിയായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. പിന്നീട് ക്രയിൻ എത്തിച്ച് തെങ്ങ് മാറ്റിയ ശേഷമാണ് ലോറി നീക്കം ചെയ്ത് സെയ്ഫുദ്ദീൻറെ അറ്റുപോയ കാൽ എടുക്കാനായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona