കോഴിക്കോട്: പിക്കപ്പ് വാനിൽ പച്ചക്കറിക്ക് അടിയിൽ കടത്തിയ 48 കുപ്പി കർണാടക മദ്യം എക്സൈസ് പിടികൂടി. താമരശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കർണാടക റജിസ്ട്രേഷനുള്ള പിക്കപ്പ് വാനിൽ പച്ചക്കറിക്ക് അടിയിൽ കടത്തിയ 48 കുപ്പി  മദ്യം കടത്തിയത്. കർണാടകയില്‍ മാത്രം വില്‍പ്പന നടത്താനുള്ള മദ്യമാണ് പിടികൂടിയത്.

എക്സൈസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തച്ചംപൊയിൽ പുതിയാറമ്പത്ത് ഷെബീറലിയുടെ വീടിൻറെ പോർച്ചിൽ നിന്നും കണ്ടെത്തുകയായിരുന്നു. വാഹനം നിർത്തി ഡ്രൈവറായ ഷബീറലി ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ തക്കാളിക്ക് അടിയിലായി പെട്ടിയിൽ ഒളിപ്പിച്ച 48 കുപ്പി മദ്യം (38 ലിറ്റർ) കണ്ടെത്തി. 

വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്തു.  കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പരിശോധന നടന്നത്. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്‍റീവ് ഓഫീസർ പി.കെ. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്. ശ്യാമപ്രസാദ്, പ്രസാദ്.കെ, സി.പി. ഷാജു എന്നിവരും  സംഘത്തിലുണ്ടായിരുന്നത്.