പൊന്നാനിയിൽ വ്യാപകമായി ഒറ്റ നമ്പർ, എഴുത്ത് ലോട്ടറികൾ. സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറുകൾ ഉപയോഗിച്ച് നടത്തുന്ന ഈ അനധികൃത ചൂതാട്ടത്തിൽ സാധാരണക്കാർ വഞ്ചിതരാവുകയാണ്. ഈ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

മലപ്പുറം: പൊന്നാനിയില്‍ ഒറ്റ നമ്പര്‍ ലോട്ടറിയും എഴുത്ത് ലോട്ടറിയും വ്യാപകമാവുന്നു. സാധാരണ ലോട്ടറിയേക്കാള്‍ പണം ലഭിക്കാനുള്ള സാധ്യത കൂടുതല്‍ എന്നതിനാലാണ് അനധികൃത ലോട്ടറി ഇടപാടുകള്‍ വര്‍ധിക്കുന്നത്. ഒന്നാം സമ്മാന നമ്പര്‍ പ്രവചിച്ച എഴുത്തു ലോട്ടറിക്കാരന് ലഭിക്കുന്നത് അമ്പതിനായിരം രൂപ വരെയാണ്. പത്തു രൂപയാണ് ഊഹിച്ചെഴുതുന്ന എഴുത്തു ലോട്ടറിയുടെ ചെലവ്. പത്തെണ്ണം വരെ നമ്പര്‍ എഴുതുന്നവരാണ് ഇടപാടുകാരിലധികവും. അങ്ങനെ വരുമ്പോള്‍ നൂറുരൂപ. അടിച്ചാല്‍ അമ്പതിനായിരം രൂപ. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്കം വച്ചുള്ള ഈ കളി മേഖലയില്‍ വര്‍ധിക്കുന്ന സാഹചര്യമാണ്. ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍പന ചെയ്യുന്നത് നിരോധിച്ചതോടെയാണ് എഴുത്തു ലോട്ടറിക്ക് പ്രചാരമേറിയത്.

ആളുകള്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകള്‍ രേഖപ്പെടുത്തി ഒരു നമ്പറിന് 20 രൂപ വീതം ഈടാക്കും. അതത് ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകള്‍ ഒത്തു നോക്കിയാണ് പണം നല്‍കുന്നത്. ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 8000 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ മുന്‍കൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി.

മൊബൈല്‍ ആപ്പ് നിര്‍മിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവര്‍ത്തനം. അംഗീകൃത ലോട്ടറി ഏജന്‍സികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലും എഴുത്ത്‌ലോട്ടറി വില്‍പന നടത്തുന്നതായാണ് വിവരം. പൊന്നാനി തീരദേശ മേഖലയില്‍ ഒറ്റ നമ്പര്‍ ലോട്ടറി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ പരിശോധനകളും ആവശ്യമായ നിയമനടപടികളും സ്വീകരിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.