വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ കൈക്കലാക്കിയത്. പിന്നീട് ഈ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാക്കത്തുരുത്തി സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് പ്രതി കെണിയിൽ പെടുത്തുകയായിരുന്നുലെന്ന് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് യുവതിയെ ആദ്യം രഞ്ചിഷ് വശത്താക്കി. പിന്നീട് വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ കൈക്കലാക്കിയത്. പിന്നീട് ഈ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ യുവാവ് പീഡിപ്പിച്ചു. നിരന്തരമായ ഭീഷണിക്കും പീഡനത്തിനും ഇരയായ യുവതി ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത കാട്ടൂർ പൊലീസ് രഞ്ചിഷിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിര്‍ദേശ പ്രകാരം കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുന്‍പ് സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രതി കാട്ടൂര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസിലെ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ എസ്.ഐ. ബാബു ജോര്‍ജ്, എ.എസ്.ഐ. മിനി, സീനിയര്‍ സി.പി.ഒ. ധനേഷ് സി. ജി, ബിന്നല്‍, ഫെബിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Read More : കലോത്സവം കഴിഞ്ഞ് വരുമ്പോൾ വിദ്യാർഥിനിയെ ഉപദ്രവിച്ചു; പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്