വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് കത്തി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ചാ പദ്ധതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് സംഘത്തിലെ മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചി: ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ സംഘം പിടിയിലായി. ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ പിടികൂടിയത്. ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം റോബറി നടത്തുന്നതിനായി പദ്ധതിയിടുകയായിരുന്നു ഇവരെന്നാണ് മനസ്സിലാക്കുന്നത്. ആലുവ ഡിവൈഎസ്പി എൻ ബാബു കുട്ടൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുമ്പാശ്ശേരി ഇൻസ്‌പെക്‌ടർ ബി കെ അരുൺ, എസ്ഐമാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, എഎസ്ഐ ഇഗ്‌നീഷ്യസ്, എസ് സി പി ഒമാരായ ലിൽസൺ, എബി സുരേന്ദ്രൻ, സിപിഒ അജിത തിലകൻ എന്നിവരാണ് ഉണ്ടായിരുന്നത്.