Asianet News MalayalamAsianet News Malayalam

വൈദ്യുതി ഉത്പാദനത്തില്‍ വയനാട്ടില്‍ നിന്നൊരു മാതൃക; പദ്ധതിക്ക് ജീവന്‍വെച്ചത് വിദ്യാര്‍ഥികളിലൂടെ

500 കിലോ വാട്ട്‌സ് ശേഷിയുള്ള ഫ്‌ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും  1072768.1 കിലോ വാട്ട്‌സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്‌ളോട്ടിങ്ങ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തത്.

500kWp Floating solar power plant at Banasura Sagar
Author
Wayanad, First Published Jan 20, 2021, 4:56 PM IST

കല്‍പ്പറ്റ: ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം (മണ്‍ഡാം) ആണ് ബാണാസുര സാഗര്‍. വിശാലമായ അണക്കെട്ട് പക്ഷേ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് മറ്റൊരു പ്രവൃത്തിയിലൂടെയാണ്.  വൈദ്യുതി ഉല്‍പ്പാദനത്തിനായി തടാകത്തിലും മറ്റും നിരവധി സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാകുകയെന്ന വലിയ ലക്ഷ്യം നിറവേറ്റാന്‍ കേരളം നാളെ മാതൃകയാക്കുന്നത് വയനാടിനെയാകും.   

ഡാമില്‍ ഒഴുകി നടക്കുന്ന തരത്തിലുള്ള സൗരോര്‍ജ പാനലുകളാണ് ആദ്യം സ്ഥാപിച്ചത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി സജ്ജീകരിച്ചു. 500 കിലോ വാട്ട്‌സ് ശേഷിയുള്ള ഫ്‌ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും  1072768.1 കിലോ വാട്ട്‌സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്‌ളോട്ടിങ്ങ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തത്. 400 കിലോ വാട്ട്‌സ് ശേഷിയുള്ള റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റില്‍ നിന്നും 99210 കിലോ വാട്ട്‌സ് വൈദ്യുതി  ഉത്പാദിപ്പിച്ചു. 

2016 ലാണ് അണക്കെട്ടിന് മുകളിലെ സൗരോര്‍ജ്ജ പന്തല്‍ കമ്മീഷന്‍ ചെയ്യുന്നത്. 2017 ഫെബ്രുവരി 17 നാണ് ഏറ്റവും കൂടുതല്‍  പ്രതിദിന ഉത്പാദനം ഇവിടെ നടന്നത്. 2493 കിലോ വാട്ട്‌സായിരുന്നു അന്നത്തെ ഉത്പാദനം. 19843 കിലോ വാട്ട്‌സ് വൈദ്യുതി കഴിഞ്ഞ മാസവും ഉത്പാദിപ്പിച്ചു.

പാരിസ്ഥിതിക ആഘാതമില്ലാത്ത പദ്ധതി

പാരിസ്ഥിതിക ആഘാതമുണ്ടാക്കാത്ത വൈദ്യുതി ഉത്പാദനമാര്‍ഗങ്ങളാണ് വരുംകാലത്തിന് വേണ്ടതെന്ന തിരിച്ചറിവില്‍ നിന്നാണ് ബാണാസുര സാഗറില്‍ ഫ്ളോട്ടിങ്ങ് സോളാര്‍ സ്റ്റേഷന്‍ എന്ന ആശയം രൂപമെടുക്കുന്നത്. വയനാട് സ്വദേശികളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമായ അയജ് തോമസും, വി.എം സുധീനുമാണ് ഇതിന്റെ പ്രാരംഭ സാങ്കേതിക വിദ്യ കെ.എസ്.ഇ.ബിയില്‍ അവതരിപ്പിച്ചത്. ഇവിടെ നിന്നാണ് വെള്ളത്തിനു മുകളില്‍ ചലിക്കുന്ന സൗരോര്‍ജ പാനലുകള്‍ രൂപമെടുക്കുന്നത്. 80 സെ.മി കനത്തിലുള്ള വായു നിറച്ച കോണ്‍ക്രീറ്റ് പാളികളുടെ മുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. 

500kWp Floating solar power plant at Banasura Sagar

ഇത് ജലാശയത്തിനു മുകളില്‍ സ്വതന്ത്ര്യമായി കിടക്കും. വെള്ളത്തിന്റെ ഏറ്റകുറച്ചിലും ഗതിമാറ്റങ്ങളും പാനല്‍ പ്രതലത്തെ ബാധിക്കില്ല. പാരിസ്ഥിതികാഘാതം ഉണ്ടാക്കാതെ വെള്ളത്തിനു മുകളില്‍ വെച്ചു തന്നെയാണ് ഈ കോണ്‍ക്രീറ്റ് പ്രതലം നിര്‍മ്മിച്ചെടുത്തതെന്നതും പ്രത്യേകത. 10 കിലോവാട്ട് ശേഷിയുള്ളതായിരുന്നു ആദ്യ പ്രോജക്ട്.

പദ്ധതി വിപുലപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. 500 കിലോവാട്ട്സ് ഫ്ളോട്ടിങ്ങ് സൗരോര്‍ജ നിലയം 2017 ഡിസംബര്‍ നാലിന് വൈദ്യുതി മന്ത്രി  എം.എം മണി ഉദ്ഘാടനം ചെയ്തു. 260 കിലോ വാട്സ് ശേഷിയുള്ള 1938 സൗരോര്‍ജ പാനലുകളാണ് ഇതിനായി ഉപയോഗിച്ചത്. 30 കിലോ വാട്സ് ശേഷിയുള്ള 17 ഇന്‍വെര്‍ട്ടറുകള്‍ ഒരുക്കി. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്റ്റേഷനിലേക്കാണ് പ്രവഹിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്നവേഷനന്‍ ഫണ്ടില്‍ നിന്ന് ഏഴു കോടി രൂപയും നബാര്‍ഡ് വായ്പയായി 2.25 കോടി രൂപയും ചേര്‍ത്ത് ആകെ 9. 25 കോടി രൂപയാണ് പദ്ധതി ചെലവ്.

അണക്കെട്ടിന് മുകളിലെ  സൗരോര്‍ജ നിലയം

ഒഴുകുന്ന സൗരോര്‍ജ പാടത്തിനു പുറമെ 400 കിലോവാട്ട് ശേഷിയുള്ള ഡാം ടോപ്പ് സോളാര്‍ പ്രോജക്ടും ബാണാസുര സാഗറില്‍ പിന്നീട് നടപ്പാക്കുകയായിരുന്നു. അണക്കെട്ടിനു മുകളില്‍ വലിയ സോളാര്‍ പന്തല്‍ ഒരുക്കിയാണ് വൈദ്യുതോല്‍പാദനം. സൂര്യപ്രകാശം ഇടതടവില്ലാതെ നേരെ പതിക്കുന്ന അണക്കെട്ടിന്റെ കിഴക്കേ ഭാഗത്താണ് നീളത്തില്‍ സൗരോര്‍ജ പാനലിന്റെ പന്തലൊരുക്കിയത്. 

500kWp Floating solar power plant at Banasura Sagar

സഞ്ചാരികള്‍ക്ക് വെയിലും മഴയും കൊള്ളാതെ ഇതിനടിയിലൂടെ നടക്കാമെന്ന സൗകര്യവും ഉണ്ട്. 4.3 കോടി രൂപയായിരുന്നു പദ്ധതിയുടെ ചിലവ്. 285 മീറ്റര്‍ നീളത്തില്‍ 250 വാട്ട് ശേഷിയുള്ള 1650 പാനലുകളാണ് ഇതിനായി തയ്യാറാക്കിയത്. 50 കിലോവാട്ട് ശേഷിയുള്ള ഒമ്പത് ഇന്‍വെട്ടറുകളിലേക്കാണ് വൈദ്യുതി ശേഖരിക്കുന്നത്. ഇവിടെ നിന്ന് ബാണാസുര സാഗറിനു മുന്നില്‍ തന്നെയുള്ള 33 കെവി സബ് സ്റ്റേഷനിലെത്തിച്ചു വിതരണം ചെയ്യുന്നു. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വലിയ പ്രോജക്ടുകള്‍ ഈ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതി കൂടിയാണ്  വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത്.

Follow Us:
Download App:
  • android
  • ios