2023 സെപ്തംബർ ഒന്നിനും ഒക്ടോബർ 23നും ഇടയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ വീട്ടുകാർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. ബാലികയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) നെ ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 14 വർഷം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 7 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിക്കു നൽകാനും ഉത്തരവായി.
2023 സെപ്തംബർ ഒന്നിനും ഒക്ടോബർ 23നും ഇടയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ വീട്ടുകാർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർ സംഗീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻെറ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്ത്യൻ രാജ് കേസിന്റെ ആദ്യാന്വേഷണം നടത്തുകയും ചെ്യതു. ഇൻസ്പെക്ടർ വിപിൻ കെ വേണു ഗോപാൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. വിസ്താര വേളയിൽ അതിജീവിതയും വീട്ടുകാരും കൂറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറഞ്ഞതിനെ തുടർന്ന് പ്രോസിക്യൂട്ടർ കൂടുതൽ വിസ്താരം നടത്തിയതിൽ കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. സി പി ഒ മാരായ എം. ആർ.സിന്ധു , എ പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.


