വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ആത്മീയചാര്യൻ ബായാർ തങ്ങളുടെ പേര് പറഞ്ഞ് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. 

മലപ്പുറം: വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ആത്മീയചാര്യൻ ബായാർ തങ്ങളുടെ പേര് പറഞ്ഞ് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തെ അരീക്കൻപാറയിൽ മർഷൂക്ക് (35) ആണ് പിടിയിലായത്. 

ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ വീട്ടിൽ അർഷാക്ക് (26) ആണ് പരാതിക്കാരൻ. ഇരുവരും സുഹൃത്തുക്കളായിരുന്നു. അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസിൽ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്‌ദാനംചെയ്ത് മർഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മർഷൂക്ക് പറഞ്ഞിരുന്നു. 

ബായാർ തങ്ങളാണെന്നു പറഞ്ഞ് ഫോണിലൂടെ സംസാരിച്ചും വാട്‌സാപ്പിൽ ചാറ്റ്ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അർഷാക്കിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ മർഷൂക്കിനെ റിമാൻഡ്ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു. 

അഭിനേതാക്കളെ തേടുന്ന പരസ്യത്തിൽ നമ്പർ തെറ്റി; വിളിയോട് വിളി, ദുരിതത്തിലായി വീട്ടമ്മ

സ്റ്റേഷൻ ഇൻസ്‌പെക്ടർ എംകെ.ഷാജിയുടെ നിർദേശാനുസരണം എസ്ഐ മാരായ വിവേക്, സുകേഷ്, ബാബുരാജ്, എസ്സി, പിഒ സന്തോഷ്, സിപിഒമാരായ ശരൺ, രതീഷ്, ഡബ്ല്യു. എസ്പിഒ ശൈലജ എന്നിവരാണ് പ്രതിയെ പിടികൂടിയത്.