പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; 57കാരന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
2023 ഒക്ടോബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇയാള്‍ പല തവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 40 വര്‍ഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വരയന്റെ വളപ്പില്‍ വീട്ടില്‍ വി.വി സൈനുദ്ധീ (57) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.എ ആന്റണി ഷെല്‍മാന്‍ ശിക്ഷിച്ചത്. 2023 ഒക്ടോബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇയാള്‍ പല തവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
അന്നത്തെ പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന ആര്‍. ബിജുവാണ് കേസന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്പെക്ടര്‍ ജോണി ലിഗോറി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനസ് ഉമ്മത്തൂര്‍, ടി. ഗീത, സിവില്‍പോലീസ് ഓഫീസര്‍ പി.യു. ശ്യാമിലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി. പ്രോസിക്യൂഷനെ കേസില്‍ സഹായിക്കുന്നതിനായി സിവില്‍ പോലീസ് ഓഫീസര്‍ റമീനയെയായിരുന്നു അധികൃതര്‍ നിയോഗിച്ചിരുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകളുടെ മുൻപിൽ കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസിൽ യുവതിക്ക് കഠിന തടവ്. ചെർപ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നൽകണമെന്നും ഉത്തരവിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം