Asianet News MalayalamAsianet News Malayalam

ഇല്ലിസിറ്റിയില്‍ 58 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മുനിയറ ഇല്ലിസിറ്റിയില്‍ 58 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മന്നാട്ട് വീട്ടില്‍ കുഞ്ഞുമോനെന്ന് വിളിക്കുന്ന നാരായണന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്നനിലയില്‍ കണ്ടെത്തിയത്. മരണകാരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു.

58 year old man was found dead at the Illicity
Author
Illicity, First Published Oct 14, 2018, 9:22 AM IST


ഇടുക്കി: മുനിയറ ഇല്ലിസിറ്റിയില്‍ 58 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മന്നാട്ട് വീട്ടില്‍ കുഞ്ഞുമോനെന്ന് വിളിക്കുന്ന നാരായണന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്നനിലയില്‍ കണ്ടെത്തിയത്. മരണകാരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു കുഞ്ഞുമോന്റെ മൃതദേഹം വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. നാളുകള്‍ക്ക് മുമ്പ് ഭാര്യ മരിച്ച ശേഷം കുഞ്ഞുമോന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇയാളുടെ രണ്ട് പെണ്‍മക്കള്‍ വിവാഹിതരും ഏകമകന്‍ വിദേശത്തുമാണ്. 

എല്ലാ ദിവസവും രാവിലെ കടയില്‍ പോകാറുള്ള കുഞ്ഞുമോനെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ വെട്ടേറ്റതും ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങളാകെ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. കുഞ്ഞുമോന്റെതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ ചിന്നിചിതറിയ നിലയില്‍ മൃതദേഹത്തിനരികില്‍ നിന്നും പോലീസ് കണ്ടെടുത്തു. 

മര്‍ദ്ദിക്കാനുപയോഗിച്ചുവെന്ന് കരുതുന്ന കുറുവടിയും മുറിക്കുള്ളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അധികം ആള്‍വാസമില്ലാത്ത മേഖലയില്‍ ഒറ്റപ്പെട്ടിരിക്കുന്ന വീടായതിനാല്‍ കൃത്യം നടത്തിയ ശേഷം കൊലപാതകി രാത്രിയില്‍ തന്നെ രക്ഷപ്പെട്ടിരിക്കാമെന്ന് പോലീസ് കരുതുന്നു. 

അയല്‍വാസികളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച്ച രാത്രിയില്‍ കുഞ്ഞുമോന്റെ വീട്ടില്‍ ചിലര്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്തരും പോലീസ് നായയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദ്ദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios