മകളെ സ്കൂളിലാക്കി വീട്ടിലേക്ക് മടങ്ങവേ ബൈക്കിടിച്ച് വീഴ്ത്തി, റിട്ട. ഡെപ്യൂട്ടി ലേബർ ഓഫിസർക്ക് ദാരുണാന്ത്യം
മകളെ തുമ്പോളിയിലെ സ്കൂളിൽ ആക്കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാബുരാജിന് ദാരുണമായ അപകടം സംഭവിച്ചത്.
മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന റിട്ട. ഡപ്യൂട്ടി ലേബർ ഓഫീസർ മരിച്ചു - വടക്കനാര്യാട് സുമ നിവാസിൽ റ്റി. ബാബുരാജ് (59) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദേശീയപാത പാതിരപ്പള്ളിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. മകളെ തുമ്പോളിയിലെ സ്കൂളിൽ ആക്കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാബുരാജിന് ദാരുണമായ അപകടം സംഭവിച്ചത്.
അമിത വേഗതയിലെത്തിയ ബൈക്ക് ബാബുരാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബാബുരാജിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ദേവനന്ദ, കല്യാണി.