Asianet News MalayalamAsianet News Malayalam

'സ്വർഗ്ഗ'ത്തിൽ നിന്നും വൈഗയുടെ കത്ത് മുഖ്യമന്ത്രിയ്ക്ക് കിട്ടി; പിന്നാലെ കുട്ടിമാളു അമ്മയുടെ വീട്ടിൽ വെളിച്ചം

നോട്ട് ബുക്കിലെ ഒരു പേജിൽ അവൾ എഴുതി. ....."ഞങ്ങളുടെ നാട്ടിലെ എല്ലാ വീടുകളിലും കറന്‍റ് ഉണ്ട്. മുത്തശിയുടെ വീട്ടിൽ മാത്രം കറൻറില്ല. മുത്തശ്ശിയും മകനും മാത്രമാണ് ആ വീട്ടിലുള്ളത്. മുത്തശിക്ക് കാഴ്ചയും കേൾവിയും കുറവാണ്. അവർക്ക് എത്രെയും പെട്ടെന്ന് കറൻ്റ് കണക് ഷൻ അനുവദിച്ച് കൊടുക്കണമെന്ന് സ്നേഹപൂർവ്വം അറിയിച്ച് കൊള്ളുന്നു"

6th standard student vaiga vinod letter to cm pinarayi vijayan, after that kuttimalu ammas home gets electricity
Author
Calicut, First Published Dec 22, 2021, 10:10 PM IST

കോഴിക്കോട്: മുഖ്യമന്ത്രിക്ക് കത്തെഴുതി അയൽക്കാരിയായ വയോധികയുടെ വീട്ടിൽ വെളിച്ചമെത്തിച്ച് ആറാം ക്ലാസുകാരി വൈഗ വിനോദ്. താമരശ്ശേരി മൂന്നാംതോട്  "സ്വർഗ"ത്തിൽ വിനോദ് കുമാറിന്റെയും ഷീനയുടെയും മകളായ വൈഗയുടെ സഹജീവി സ്നേഹവും കരുതലും നാടിന്ന് പ്രകീർത്തിക്കുകയാണ്. വയോധികയായ മൂന്നാംതോട് കുട്ടിമാളുഅമ്മയുടെ വീട്ടിലാണ് വൈഗയുടെ കുഞ്ഞു ശ്രമത്തിലൂടെ വൈദ്യുതിയുടെ വെള്ളിവെളിച്ചമെത്തിയത്.

കഴിഞ്ഞ ഒക്റ്റോബർ 22നാണ് കളങ്കമില്ലാത്ത വൈഗയുടെ കൊച്ചുബുദ്ധിയിൽ മുഖ്യമന്ത്രിയ്ക്ക് വൈദ്യുതി വിഷയത്തിൽ കത്തെഴുതാമെന്ന ആശയം ഉദിക്കുന്നതും എഴുതുന്നതും. നോട്ട് ബുക്കിലെ ഒരു പേജിൽ അവൾ എഴുതി. ....."ഞങ്ങളുടെ നാട്ടിലെ എല്ലാ വീടുകളിലും കറന്‍റ് ഉണ്ട്. മുത്തശിയുടെ വീട്ടിൽ മാത്രം കറൻറില്ല. മുത്തശ്ശിയും മകനും മാത്രമാണ് ആ വീട്ടിലുള്ളത്. മുത്തശിക്ക് കാഴ്ചയും കേൾവിയും കുറവാണ്. അവർക്ക് എത്രെയും പെട്ടെന്ന് കറൻ്റ് കണക് ഷൻ അനുവദിച്ച് കൊടുക്കണമെന്ന് സ്നേഹപൂർവ്വം അറിയിച്ച് കൊള്ളുന്നു".

കത്ത് ആദ്യം കണ്ടപ്പോൾ  മകളുടെ തമാശയായാണ് തോന്നിയതെന്ന് വൈഗയുടെ മാതാവ് ഷീന പറയുന്നു. പിന്നീട് പിതാവ് വിനോദ് മുഖ്യമന്ത്രിയുടെ വിലാസം സംഘടിപ്പിച്ച് നൽകിയതോടെ മകൾ തന്നെ വിലാസമെഴുതി അയച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബാലുശ്ശേരി കെ.എസ്.ഇ.ബി. ഓഫീസിൽ നിന്നും വിളി വന്നപ്പോഴാണ് മകളുടെ 'തമാശ' വെറുതെയല്ലെന്ന് മാതാപിതാക്കൾക്ക് മനസ്സിലാകുന്നത്. പിന്നീട് താമരശ്ശേരി കെ.എസ്.ഇ.ബി. അധികൃതർ വൈഗയുടെ വീട്ടിലും സമീപത്തെ മുത്തശി കുട്ടിമാളുഅമ്മയുടെയും വീട്ടിലെത്തി. തുടർന്ന് വർഷങ്ങൾക്ക് മുൻപ് വയറിങ് ചെയ്ത കുട്ടിമാളുഅമ്മയുടെ വീട്ടിൽ ഒരു ചെലവുമില്ലാതെ കെ.എസ്.ഇ.ബി. അധികൃതർ വൈദ്യുതിയെത്തിച്ചു. വൈദ്യുതി വെളിച്ചം തെളിഞ്ഞതോടെ മുത്തശി കുട്ടിമാളുഅമ്മയുടെയും വൈഗയുടെ മുഖം തിളങ്ങി.

വർഷങ്ങളായി വൈദ്യുതി വെളിച്ചത്തിനായുള്ള കുട്ടിമാളുഅമ്മയുടെ കാത്തിരുപ്പിന് വിരാമമിട്ടിരിക്കുകയാണ് കുഞ്ഞുവൈഗയുടെ പ്രയത്നങ്ങൾ. എല്ലാവരും വൈദ്യുതി വെളിച്ചവും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമ്പോൾ അയൽപക്കത്തെ മുത്തശിയ്ക്കും അത് ലഭ്യമാക്കണമെന്ന വൈഗയുടെ  മനസ്സിൻ്റെ ആഗ്രഹവും കരുതലും ഇന്ന് നാടിൻ്റെ സ്നേഹമേറ്റു വാങ്ങുകയാണ്. താമരശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ അധികൃതർ അസംബ്ലിയിൽ വെച്ച്  വൈഗയെ ഉപഹാരം നൽകുകയും അനുമോദിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios