പ്രതികൾ കുടുംബ സമേതം ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും മംഗലപുരം പൊലീസ് അറിയിച്ചു

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിറുത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. മേലേതോന്നയ്ക്കൽ ഖബറടി നിഹാസ് മൻസിലിൽ ബിലാൽ (18) നെയാണ് കാറിലെത്തിയ ഏഴംഗസംഘം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. മംഗലപുരം കാരോട് വച്ചായിരുന്നു സംഭവം. കാറിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷവും സംഘം പിൻതുടർന്നെത്തി അസഭ്യം പറഞ്ഞുവെന്ന് യുവാവിന്‍റെ വീട്ടുകാർ മംഗലപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്‍റെ സ്കൂട്ടറും പ്രതികൾ തട്ടിയെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

പരാതിയെ തുടർന്ന് മംഗലപുരം സ്വദേശികളായ യാസീൻ, സജീദ്, ഷമീർ, നാഫി കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്‍റെ സ്കൂട്ടർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത് എതിർ സംഘത്തെ വരുതിയിലാക്കാനാണെന്നും വിവരം ലഭിച്ചതായി പൊലീസ്. പ്രതികൾ കുടുംബ സമേതം ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും മംഗലപുരം പൊലീസ് അറിയിച്ചു.

KL-13-AK 275 സ്കൂട്ടറിൽ 2 യുവാക്കൾ; പെരുമാറ്റത്തിൽ സംശയം തോന്നി, സീറ്റ് തുറന്ന് പരിശോധിച്ചപ്പോൾ ഉള്ളിൽ കഞ്ചാവ്

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട്ടിൽ വില്‍പ്പനക്കായി കടത്തുകയായിരുന്നു കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു എന്നതാണ്. കണ്ണൂര്‍ എളയാവൂര്‍ സൈനബ മന്‍സിലില്‍ മുഹമ്മദ് അനസ് (26), കണ്ണൂര്‍ ചക്കരക്കല്‍ വില്ലേജില്‍ കൊച്ചുമുക്ക് ദേശത്ത് പുതിയപുരയില്‍ വീട്ടില്‍ പി പി മുഹമ്മദ് നൗഷാദ് എന്നിവരാണ് ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടിയിലായത്. അരക്കിലോ കഞ്ചാവാണ് ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച KL-13-AK275 എന്ന നമ്പറിലുള്ള സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ അതിര്‍ത്തിയിലെത്തിയ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വാഹനമടക്കം എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ഇരുവരുടേയും കൈവശം ഒളിപ്പിച്ച നിലയിലുമായി അര കിലോ കഞ്ചാവാണ് കണ്ടെത്തിയത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലിം, ഇ അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം സി സനൂപ്, കെ എസ് സനൂപ്, വിപിന്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്. പ്രതികള്‍ക്കെതിരെ എന്‍ ഡി പി എസ് നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെയും കസ്റ്റഡിയിലെടുത്ത കഞ്ചാവും സ്‌കൂട്ടറുമടക്കമുള്ളവ തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം