മണ്ണാർക്കാട് - അട്ടപ്പാടി റോഡ‍് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് റോഡ് നിർമാണ കമ്പനിയുടെ ഓഫീസ് ആക്രമിച്ച് തകർത്ത കേസിൽ ഏഴ് യൂത്ത് ലീഗ് പ്രവർത്തകർ കൂടി പാലക്കാട് പൊലീസിൻ്റെ പിടിയിലായി. ഇതോടെ അറസ്റ്റിലായവർ 9 ആയി. 2 പേർക്ക് ജാമ്യം ലഭിച്ചു
പാലക്കാട്: മണ്ണാർക്കാട് - അട്ടപ്പാടി റോഡ‍് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് കരാർ കമ്പനിയുടെ തെങ്കരയിലെ ഓഫിസ് അടിച്ചു തകർത്ത കേസിൽ 7 പേർ കൂടി അറസ്റ്റിൽ. യൂത്ത് ലീഗ് പ്രവർത്തകരായ ടികെ സഫ്‌വാൻ, അൻവർ മണലടി, യൂസഫ് പറശ്ശേരി, ഇർഷാദ് കൈതച്ചിറ, കബീർ കോൽപ്പാടം, ഉബൈദ് മുണ്ടോടൻ, സഫുവാൻ മണലടി എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു മണ്ണാർക്കാട് അട്ടപ്പാടി റോഡ് കരാർ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ അടിച്ച് തകർത്തത്. സംഭവത്തിൽ യൂത്ത് ലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ ഷമീർ പഴേരി, യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് കോൽപ്പാടം എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം ലഭിച്ചു. തുടർന്ന് ഇന്ന് 7 പ്രവർത്തകരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുകയായിരുന്നു.



