മൂന്നര വർഷം കൊണ്ട് മാന്നാർ പഞ്ചായത്തിൽ വന്നുപോയത് 7 സെക്രട്ടറിമാർ; റോഡ് നിർമാണം ഉൾപ്പെടെ പദ്ധതികൾ അവതാളത്തിൽ
ഒരാൾ വിരമിച്ചപ്പോൾ മറ്റ് ആറു പേർ സ്ഥലം മാറിപ്പോവുകയാണുണ്ടായത്.
മാന്നാർ: മൂന്നര വർഷം കൊണ്ട് മാന്നാർ പഞ്ചായത്തിൽ വന്നു പോയത് ഏഴു സെക്രട്ടറിമാർ. ഇതോടെ പദ്ധതികൾ അവതാളത്തിലാവുകയാണ്. ഒരാൾ വിരമിച്ചപ്പോൾ മറ്റ് ആറു പേർ സ്ഥലം മാറിപ്പോവുകയാണുണ്ടായത്.
2021 നവംബറിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണ സമിതി വരുമ്പോൾ ബീനയായിരുന്നു സെക്രട്ടറി. പിന്നീട് സബൂറ ബീവി, ബിജു, പി സുനിൽ, ഗീവർഗീസ്, ഉല്ലാസ് കുമാർ, ജയകുമാർ എന്നിവർ വന്നു പോയി. ഇവരിൽ ആരും തന്നെ ഒരു വർഷം തികച്ച് ആ കസേരയിൽ ഇരുന്നില്ല. വിരമിക്കുന്നതിനു ഏതാനും മാസം മുമ്പ് നീണ്ട അവധിയിൽ പ്രവേശിച്ച സെക്രട്ടറി ഉല്ലാസ് കുമാറിന് ശേഷമാണ് ഇപ്പോഴുണ്ടായിരുന്ന ജയകുമാർ എത്തിയത്. ഇദ്ദേഹം കൊല്ലം മൺട്രോ തുരുത്തിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോയതോടെ നിലവിൽ സെക്രട്ടറി ഇല്ലാതായിരിക്കുകയാണ്.
പുതുതായി എത്തുന്ന ഉദ്യോഗസ്ഥർ പഞ്ചായത്തിനെക്കുറിച്ച് പഠിച്ച് വരുമ്പോഴേക്കും സ്ഥലം മാറ്റമുണ്ടാവുന്നത് മൂലം പഞ്ചായത്തിന്റെ പദ്ധതികൾ പലതും സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതെ പോവുന്നതായി ഭരണ - പ്രതിപക്ഷം ഒന്നടങ്കം സമ്മതിക്കുന്നുണ്ട്. തകർന്നു കിടക്കുന്ന റോഡുകളുടെ പുനർനിർമ്മാണം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയ അടിസ്ഥാന പ്രവർത്തങ്ങൾ പോലും തടസപ്പെടുകയാണ്. കഴിഞ്ഞ വർഷത്തെ പദ്ധതികൾ ഈ വർഷം സ്പിൽ ഓവർ പദ്ധതിയായി നടപ്പിലാക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
നിരന്തരം ഉദ്യോഗസ്ഥർ സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഭരണ നേതൃത്വത്തിന്റെ തെറ്റായ പ്രവണതകൾക്ക് കൂട്ടുനിൽക്കാത്തതിനാൽ ആണെന്നും ഇത് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ അപ്പാടെ ബാധിക്കുമെന്നും പഞ്ചായത്ത് അംഗം അജിത്ത് പഴവൂർ പറഞ്ഞു. സെക്രട്ടറിമാരിൽ പലരും ദൂര ദിക്കുകളിൽ നിന്നും എത്തുന്നവരായതിനാൽ അവർക്ക് സൗകര്യമായിടത്തേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോവുകയാണ് പതിവെന്നും ഭരണ സമിതിയുടെ കുഴപ്പം കൊണ്ടല്ലെന്നും പ്രസിഡന്റ് ടി വി രത്നകുമാരി പറഞ്ഞു. ഇപ്പോഴുണ്ടായിരുന്ന ജയകുമാർ കൊല്ലം ജില്ലയിൽ സീനിയോറിറ്റി ലിസ്റ്റിൽ ഉണ്ടായിരുന്ന ആളായിരുന്നെന്നും അവിടെ ഒഴിവ് വന്ന മുറയ്ക്ക് പോയതാണെന്നും രത്നകുമാരി പറഞ്ഞു. സീനിയോറിറ്റി ലിസ്റ്റിലുള്ള കൊല്ലം ജില്ലക്കാരനായ ബോബി ഫ്രാൻസിസ് മലപ്പുറത്തു നിന്നും ഇങ്ങോട്ടേക്ക് പുതിയ സെക്രട്ടറിയായി അടുത്ത ദിവസം തന്നെ ചാർജെടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം