ഒരേസമയം നടന്ന മോഷണമാണെന്നും കവർച്ച സംഘമാണ് പുറകിലെന്നുമാണ് പൊലീസ് സംശയിക്കുന്നത്. 

ഇടുക്കി: ഇടുക്കി അടിമാലിയിൽ കടകളിൽ മോഷണ പരമ്പര. ഇരുമ്പുപാലത്തെ 7 കടകളിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അടിമാലി ഇരുമ്പുപാലം ഭാഗത്ത് മോഷണം കൂടുന്നെന്ന പരാതികൾ ആവർത്തിക്കുന്നതിനിടെയാണ് മോഷണ പരമ്പര. കടകളുടെ പൂട്ടും ഷട്ടറുമൊക്കെ തകർത്തായിരുന്നു കവർച്ച നടന്നത്. രാവിലെ വ്യാപാരികൾ കടയിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.

മിക്ക കടകളിൽ നിന്നും പണം കവർന്നിട്ടുണ്ട്. മോഷ്ടാവിൻ്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കടകളിൽ നിന്ന് പൊലീസ് ശേഖരിച്ചു. ഒരേസമയം നടന്ന മോഷണമാണെന്നും കവർച്ച സംഘമാണ് പുറകിലെന്നുമാണ് പൊലീസ് സംശയിക്കുന്നത്. മോഷണ സമയത്ത് ടൗണിലെ ട്രാൻസ്ഫോർമർ ഓഫാക്കിയിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുമ്പുപാലം ടൗണിലെ പച്ചക്കറിക്കടയിലും മീൻകടയിലും വരെ മോഷണ ശ്രമം നടന്നിട്ടുണ്ട്.

കടകളിലെ നഷ്ടം കണക്കാക്കി വരുന്നതേയുളളൂ. നേരത്തെ, ഇരുമ്പുപാലത്തിൻ്റെ സമീപ പ്രദേശമായ പത്താംമൈലിൽ കടകളിൽ മോഷണം നടന്നിരുന്നു. ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയതോടെ, മോഷ്ടാക്കൾ ഇരുമ്പുപാലം കേന്ദ്രീകരിക്കുന്നെന്നാണ് വ്യാപാരികളുടെ പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇരുമ്പുപാലത്തെ മെഡിക്കൽ സ്റ്റോറിലെ കവർച്ച പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മോഷണ പരമ്പര. 

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്