പറമ്പിലെ പണിക്കിടെ കടന്നല്ക്കൂട്ടം ഇളകി വന്നു; മുഖത്തും തലയിലും കുത്തേറ്റു, 83കാരന് ദാരുണാന്ത്യം
മുഖത്തും തലയിലുമുൾപ്പെടെ കുത്തേറ്റ മാത്യുവിനെ ഒപ്പമുണ്ടായിരുന്നവരും ബന്ധുക്കളും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് 83 -കാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്. സ്വന്തം പറമ്പിൽ പണി എടുക്കുന്നതിനിടെ ആണ് കടന്നൽ കൂട്ടം ആക്രമിച്ചത്. മുഖത്തും തലയിലുമുൾപ്പെടെ കുത്തേറ്റ മാത്യുവിനെ ഒപ്പമുണ്ടായിരുന്നവരും ബന്ധുക്കളും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട്.
അതേസമയം, കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് കേരളം. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല. കാറിന്റെ മുൻഭാഗത്താണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണ്ണമായും കത്തി നശിച്ച അവസ്ഥയിലാണുള്ളത്.
മരിച്ച രണ്ട് പേരും കുറ്റ്യാട്ടൂർ സ്വദേശികളാണ്. കാറിന്റെ സീറ്റ് പൂർണ്ണമായും കത്തി നശിച്ചു. പിൻസീറ്റിലിരുന്ന ഒരു കുട്ടിയുൾപ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നിൽ വാഹനത്തിൽ വന്നവരാണ് കാർ കത്തുന്ന കാഴ്ച കണ്ടത്. ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് തീയണക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും മുൻസീറ്റിലിരുന്ന രണ്ട് പേരുടെ മരണം സംഭവിച്ചിരുന്നു.