വിഴിഞ്ഞത്തിന് സമീപം മത്സ്യബന്ധന ബോട്ടിൽ പനാമ രജിസ്ട്രേഷനുള്ള കപ്പലിടിച്ച് അപകടമുണ്ടായി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് 9 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും, കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. 

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടമുണ്ടായ സംഭവത്തിൽ 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി വിഴിഞ്ഞത്തെത്തിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.കൊല്ലം മരുതടിയിലെ ചിറക്കര-പുതുവലിൽ രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽ പെട്ട ബോട്ട്. മത്സ്യബന്ധനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. പനാമ രജിസ്ട്രേഷനുള്ള വ്യാപാര കപ്പൽ ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നതിനിടെയാണ് ബോട്ടിലേക്ക് ഇടിച്ച് കയറിയത്. പെട്ടന്നുണ്ടായ ഇടിയുടെ ആഘോതത്തിൽ പലർക്കും ഗുരുതരപരുക്കുകളുണ്ടെന്നാണ് വിവരം. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.

അപകടമുണ്ടായതിന് പിന്നാലെ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡ് കപ്പലായ “അനഘ്” പുറപ്പെടുകയും, അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച, ഇവരെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. എം.ടി സോളിസ് എന്ന കപ്പലുമായി കൂട്ടിയിടിച്ചാണ് മത്സ്യബന്ധന ബോട്ട് മുങ്ങിയതെന്ന് ആരോപിക്കപ്പെടുന്നു. ഷിപ്പിംഗ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. പശ്വിമ ബംഗാൾ സ്വദേശികളായ അച്ഛനെയും മകനെയും ആണ് കാണാതായിരിക്കുന്നത്. മറ്റുള്ളവരെയെല്ലാം കരയ്ക്കെത്തിക്കാനായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.