2019 സെപ്റ്റംബര്‍ ഒമ്പതിനാണ് കണ്ണന്‍ദേവന്‍ കബനി ഗുണ്ടുമല എസ്റ്റേറ്റിലെ ലയത്തില്‍ പാണ്ഡ്യയമ്മയുടെ മകള്‍ ഒമ്പതുവയസ്സുകാരി അന്‍പരസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. 

ഇടുക്കി: ഗുണ്ടുമല ബാലികയുടെ കൊലപാതകികളെ കണ്ടെത്താന്‍ കഴിയാത്ത പൊലീസ്. സംഭവം നടന്ന് രണ്ട് വര്‍ഷമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. 2019 സെപ്റ്റംബര്‍ ഒമ്പതിനാണ് കണ്ണന്‍ദേവന്‍ കബനി ഗുണ്ടുമല എസ്റ്റേറ്റിലെ ലയത്തില്‍ പാണ്ഡ്യയമ്മയുടെ മകള്‍ ഒമ്പതുവയസ്സുകാരി അന്‍പരസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. ബാലിക പീഡനത്തിന് ഇരയായതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. സാഹചര്യതെളിവ് ലഭിക്കാതെ വന്നതോടെ മൂന്നാര്‍, ഉടുമ്പന്‍ചോല, അടിമാലി സിഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. 

കുട്ടിയുടെ മതാവിനെയും സുഹൃത്തിനെയും നുണ പരിശോധനക്ക് വിധേയമാക്കിയെങ്കിലും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കഴിഞ്ഞ ദിവസം ഇരുവരും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കി. 

കേസന്വേഷണം ഇഴഞ്ഞതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന് സമീപം പൊലീസ് മര്‍ച്ച് തടഞ്ഞു. മുന്‍ എംഎല്‍എ എകെ മണി, നേതാക്കളായ ജി മുനിയാണ്ടി, നെല്‍സന്‍ പീറ്റര്‍ ഡി കുമാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona