തിരുവനന്തപുരം പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ഉച്ചയ്ക്ക് ഗതാഗത തടസമുണ്ടാക്കിയ ആൽമരത്തിന്റെ മറ്റൊരു ശിഖരം രാത്രിയിൽ വീണ്ടും ഒടിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി യാത്രക്കാരനെ സുരക്ഷിതമായി പുറത്തെടുത്തു.
തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ, ഉച്ചയ്ക്ക് വീണ മരത്തിന്റെ കൊമ്പ് വീണ്ടും ഒടിഞ്ഞ് കാറിനു മുകളിലേക്ക് പതിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരൂർക്കടയിൽ നിന്നും കുടപ്പനക്കുന്നിലേക്ക് പോകുന്ന വഴിയിലുള്ള ക്ഷേത്രത്തിന് സമീപം നിന്ന വലിയ ആൽമരത്തിന്റെ ശിഖരം ഉച്ചയോടെയാണ് ഇലട്രിക് ലൈനിലേക്ക് ഒടിഞ്ഞുവീണത്. സമീപത്തെ ക്ഷേത്രത്തിന് മുകളിലൂടെ കെഎസ്ഇബി ലൈനുകൾ ഉൾപ്പെടെ പൊട്ടിവീണതോടെ റോഡിലെ ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയർ ഫോഴ്സ് സംഘം ശിഖരങ്ങൾ മുറിച്ചുനീക്കി റോഡിലെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയ ശേഷം നിലയത്തിലേക്ക് മടങ്ങി.
എന്നാൽ രാത്രിയോടെ, ഇതേ സ്ഥലത്ത് ആൽമരത്തിന്റെ വലിയൊരു ശിഖരം കൂടി വീണ്ടും ഒടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് ഇതുവഴിയ കടന്നുപോയ ആൾട്ടോ കാറിന് മുകളിലേക്കാണ് ശിഖരം പതിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാരൻ ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഫയർഫോഴ്സ് സംഘം പറയുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർ ഫോഴ്സ് സംഘം വീണ്ടും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. തുടർന്ന് വാഹനവും ഡ്രൈവറെയും സുരക്ഷിതമായി പുറത്തെടുക്കുകയും റോഡിലെ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുകയും ചെയ്തു.


