മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധയോടെ കേട്ട് പഠിക്കുന്ന മലപ്പുറം മൊറയൂരിലെ സുബൈദയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ടീച്ചര്‍ പറയുന്നതും പഠിപ്പിക്കുന്നതും ക്ഷമയോടെ കേട്ടും അറിഞ്ഞും പഠിക്കുന്ന 90 കഴിഞ്ഞ സുബൈദയുടെ വീഡിയോ കണ്ടിരിക്കാനും ബഹുരസമാണ്.

പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്ത സുബൈദ ഇപ്പോള്‍ പഠനത്തില്‍ മത്സരിക്കുന്നതാകട്ടെ സ്വന്തം പേരക്കിടാങ്ങളോട് തന്നെ. ഒരുപക്ഷെ അവരേക്കാള്‍ ഒരുപടിമുന്നില്‍. ടിവി പോലുമില്ലാത്ത ചെറിയ വീട്ടില്‍ മൊബൈല്‍ ഫോണിന്റെ സഹായത്തിലാണ് പഠനം. കുട്ടികളുടെ പഠന സമയമാകുമ്പോഴേക്ക് സുബൈദ 'ക്ലാസില്‍' ഹാജരായിട്ടുണ്ടാകും. 

പിന്നെ പാട്ടും കഥകളുമായി ക്ലാസിലിരുന്ന് അടിപൊളിയാക്കും. ക്ലാസ് കഴിഞ്ഞ് പേരമക്കള്‍ കളികള്‍ തുടങ്ങിയാലും സുബൈദ വിടില്ല. ഇനിയും ക്ലാസ് കേള്‍ക്കണമെന്ന ആഗ്രഹമാണ് അവര്‍ക്ക്. ഏതായാലും ചെറുപ്പത്തില്‍ സ്‌കൂളില്‍ പോകാനുള്ള ആഗ്രഹം സഫലമാകാത്ത സുബൈദ ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനത്തില്‍ മുന്നേറാന്‍ തയ്യാറായിക്കഴിഞ്ഞു.