തിരുവനന്തപുരം: ഗാന്ധിജിയെ നേരിൽ കാണുകയും ഇതുവഴി ഗാന്ധിമാർഗ്ഗത്തിലേക്ക് തിരിയുകയും ചെയ്ത വളരെ കുറച്ച് ആളുകൾ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുളളൂ. അതിലൊരാളാണ് വിനോബാഭാവെയുടെ ആത്മീയപുത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിവ്രാജിക എ കെ രാജമ്മ. തിരുവനന്തപുരം തൊളിക്കോട് വിനോബ നികേതനത്തിന്റെ സ്ഥാപകയാണ് രാജമ്മ.

സത്യം, അഹിംസ, ലാളിത്യം, ബ്രഹ്മചര്യം, ത്യാഗം. ഗാന്ധിജി മുന്നോട്ടുവച്ച ദർശനങ്ങളുടെ പാതയിലാണ് 94-ാം വയസ്സിലും ഇവര്‍ ജീവിക്കുന്നത്. 1934-ല്‍ ഏഴാം വയസ്സില്‍  നെയ്യാറ്റിൻകര സന്ദർശനത്തിനിടെയാണ് രാജമ്മ ഗാന്ധിയെ കണ്ടത്. ഗാന്ധിജി എന്ന വികാരം ചെറുപ്പത്തിലേ കണ്ടറിഞ്ഞ രാജമ്മ ഗാന്ധിമാർഗ്ഗത്തിലേക്ക് തിരിയുകയായിരുന്നു. ഗാന്ധിജിയുടെ മരണശേഷം വിനോബാഭാവയെ ഗുരുവായി സ്വീകരിച്ചു. പഠനശേഷം സേവാഗ്രാമിലെ അന്തേവാസിയായി. ഭൂദാനപ്രസ്ഥാനത്തിന്റെ ഭാഗമായി വിനോബാഭാവെയോടൊപ്പം യാത്ര ചെയ്തു.

ഗാന്ധിജിയുടേയും വിനോബാഭാവെയുടേയും സന്ദേശങ്ങളിൽ അധിഷ്ഠിതമായ വിനോബനികേതൻ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരിയായി. പിന്നീട് സാമൂഹ്യസേസവനത്തിനായി സ്വയം സമർപ്പിക്കുകയായിരുന്നു. ഗാന്ധിമാർഗ്ഗത്തിൽ ജീവിച്ചിരുന്നവ‍‍ർ കുറ‍ഞ്ഞു വരുന്ന ഇക്കാലത്ത് സമൂഹത്തിന് ഒരു മികച്ച മാതൃകയാണ് വിനോബ നികേതനും രാജമ്മയും.