കോഴിക്കോട്: കൊവിഡ്‌-19 സുരക്ഷാ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉചിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് വിലയിരുത്താൻ കമ്മിറ്റി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്. 

ലോകാരോഗ്യസംഘടനയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഈ കമ്മിറ്റി വിലയിരുത്തും. ആവശ്യമെങ്കിൽ മാത്രം റിസ്ക് ഗ്രൂപ്പിൽ പെടുന്നവർക്ക് 14 ദിവസത്തേക്ക് ക്വാറന്റൈൻ പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവർക്ക് ക്വാറന്റൈനിൽ കഴിയാനായി ആശുപത്രി കാമ്പസിൽ തന്നെ പ്രത്യേകം മുറികൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകൾ നടത്തി നെഗറ്റീവ് ഫലം കണ്ടെത്തിയാൽ മാത്രമാണ് തിരിച്ച് വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുക.

ഇതിനായി മെഡിക്കൽ കോളേജിൽ ആശുപത്രി സൂപ്രണ്ടുമാർ, കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, ജനറൽ മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ എന്നിവര്‍ ചേർന്ന് പ്രത്യേക സ്ക്രീനിങ് കമ്മറ്റി രൂപവൽകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ്‌ ഐസോലാഷൻ വാർഡിൽ കഴിയുന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള സ്റ്റാഫുകൾക്ക് ക്യാമ്പസിൽ ക്വാർട്ടേഴ്‌സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ എല്ലാ ആശുപത്രി ജീവനക്കാർക്കും കൊവിഡ് വ്യക്തി സുരക്ഷാ നടപടികളെ കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും മുൻപ് തന്നെ പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു.