ഒന്നും കട്ടുതിന്നില്ല, തന്നാല്‍ മാത്രം വാങ്ങും, പ്രത്യുപകാരമായി ഒരു സ്‌നേഹചുംബനം. തോളില്‍ കയറി ഇരിക്കും. തലയിലെ പേന്‍ നോക്കും. വീട്ടില്‍ അന്യര്‍ക്ക് പ്രവേശനമില്ല. അപരിചിതര്‍ വന്നാല്‍ വീട്ടുകാരെ  വിളിച്ചുവരുത്തും. കൂട്ടത്തിലുള്ളവര്‍ വന്നുവിളിച്ചാലും അവരുമായി യാതൊരു ചങ്ങാത്തതിനും കുക്രു ഇല്ല.  

ഹരിപ്പാട്: ഒന്നും കട്ടുതിന്നില്ല, തന്നാല്‍ മാത്രം വാങ്ങും, പ്രത്യുപകാരമായി ഒരു സ്‌നേഹചുംബനം. തോളില്‍ കയറി ഇരിക്കും. തലയിലെ പേന്‍ നോക്കും. വീട്ടില്‍ അന്യര്‍ക്ക് പ്രവേശനമില്ല. അപരിചിതര്‍ വന്നാല്‍ വീട്ടുകാരെ വിളിച്ചുവരുത്തും. കൂട്ടത്തിലുള്ളവര്‍ വന്നുവിളിച്ചാലും അവരുമായി യാതൊരു ചങ്ങാത്തതിനും കുക്രു ഇല്ല. 

അത്രയ്ക്ക് ഇഷ്ടമാണ് മനുഷ്യരെ കുക്രുവിന്. കുക്രു ആരാണെന്നല്ലേ...? കുക്രു ഒരു കാക്കയാണ്. പക്ഷികളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിശക്തിയുള്ള കാക്ക മനുഷ്യരുമായി ഇണങ്ങികഴിയുന്നത് അപൂര്‍വമാണ്. അത്തരം ഒരു അപൂര്‍വ കാഴ്ചയാവുകയാണ് വീയപുരത്തെ കുക്രുവെന്ന കാക്ക.

ഈ കാക്ക ആളുകളുമായി ഇടപഴകുന്നത് കാണാന്‍ കുട്ടനാട്ടിലെത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളും ഇപ്പോള്‍ ഇവിടെയെത്തുന്നു. ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ദൃശ്യങ്ങള്‍ പകര്‍ത്തുയം കുക്രു ഇപ്പോള്‍ ഒരു താരമാണ്.

രണ്ടുമാസം മുമ്പാണ് വീയപുരം ഒന്നാം വാര്‍ഡില്‍ മീനത്തേതില്‍ റോബിന് റോഡരികില്‍ നിന്നും അവശനിലയിലായ കാക്കയെ കിട്ടുന്നത്. കാക്കയെ പരിചരിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ചില്ലറയൊന്നുമല്ല 30കാരനായ റോബിന്‍ ബുദ്ധിമുട്ടിയത്.

മേസ്തിരി പണിക്കാരനായ റോബിന്‍ എവിടെപോയാലും കാക്കയും കൂടെയുണ്ടാകും. റോബിന്‍ കൂട്ടുകാരുമായി സംസാരിക്കുമ്പോഴും എല്ലാത്തിനും സാക്ഷിയെന്നോണം തോളത്തുണ്ടാകും കുക്രുവെന്ന റോബിന്റെ കാക്ക. ദൂരെ എവിടെപോയാലും കുക്രുവിനെ കൂട്ടിലടച്ചിട്ടെ റോബിന്‍ പോകാറുള്ളു.

വീട്ടില്‍ വന്ന് കൂട് തുറന്നാല്‍ അല്‍പസമയം റോബിനുമായി പിണക്കം നടിക്കാറുണ്ട് കുക്രു. റോബിന്റെ കൂട്ടുകാരുമായും നല്ല സൗഹൃദത്തിലാണ് കുക്രു. അടുത്തുള്ള ദേവാലയങ്ങളില്‍ എത്തുന്നവര്‍ക്കും ഇപ്പോള്‍ പ്രിയപ്പെട്ടവനാണ് കുക്രു.