കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളുമാണ് നായയെ തുരത്തി ധ്രുവിനെ രക്ഷിച്ചത്.

ഹരിപ്പാട്: ആലപ്പുഴയിൽ വീട്ടുമുറ്റത്തു നിന്ന നാല് വയസുകാരന് തെരുവുനായയുടെ കടിയേറ്റു. മുതുകുളം വടക്ക് നമ്പാട്ട് വീട്ടിൽ അനിൽകുമാറിന്റെയും ദീപയുടെയും മകൻ ധ്രുവിനാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുത്തശ്ശി സരസമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നു ഓടി വന്ന നായ ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളുമാണ് നായയെ തുരത്തി ധ്രുവിനെ രക്ഷിച്ചത്.

ഇടതുകൈക്ക് ആഴത്തിൽ മുറിവേറ്റ ധ്രുവിനെ വീടിന് തൊട്ടടുത്തു തന്നെയുളള മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട്, ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ആക്രമകാരിയായ നായ അടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളുടെ ആടിനെ ആദ്യം കടിച്ചത്. അവിടെ നിന്നെത്തിയാണ് കുട്ടിയെ ആക്രമിക്കുന്നത്.

അതിനിടെ കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം 19 പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ആര്‍ഡിഡിഎല്ലില്‍ നായയുടെ ജഡം എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഫലം പോസീറ്റീവായത്. കോര്‍പറേഷന് കീഴിലുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററില്‍ നിന്നും ജീവനക്കാരെത്തി പിടികൂടിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.