മുടിക്കോട് വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കാറില്‍ തട്ടിയെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.

തൃശൂര്‍: വിവിധ മോഷണ കേസുകളിലെ പ്രതി മോഷ്ടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഹൈവേ പൊലീസിന്റെ പിടിയിലായി. എറണാകുളം ചേരാനെല്ലൂര്‍ കൂവപ്പടിയില്‍ തേലക്കോടന്‍ വീട്ടില്‍ സന്തോഷ് (45) ആണ് വാഹനപരിശോധനയ്ക്കിടെ പട്ടിക്കാട് താണിപ്പാടത്തുവെച്ച് ഹൈവേ പൊലീസിന്റെ പിടിയിലായത്. ഇയാളെ പീച്ചി പൊലീസിന് കൈമാറി. മുടിക്കോട് വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കാറില്‍ തട്ടിയെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവര്‍ പീച്ചി പൊലീസില്‍ വിവരമറിയിച്ചു. സ്‌കൂട്ടറിന്റെ നമ്പറും നല്‍കി.

തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ കൊല്ലങ്കോട് സ്വദേശിയുടേതാണ് സ്‌കൂട്ടര്‍ മോഷണം പോയതാണെന്നും മനസിലായി. പീച്ചി പൊലീസ് ഹൈവേ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താണിപ്പാടത്തുവെച്ച് സന്തോഷിനെ പിടികൂടുകയായിരുന്നു. സ്‌കൂട്ടര്‍ മോഷണം പോയതിനെ തുടര്‍ന്ന് ഉടമ കൊല്ലങ്കോട് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോകുമ്പോഴായിരുന്നു പീച്ചി പൊലീസില്‍ നിന്നുള്ള വിവരം ലഭിച്ചത്.

പിടിയിലായ സന്തോഷിന് പെരുമ്പാവൂര്‍, കോടനാട് മലപ്പുറം, കൊടുങ്ങല്ലൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകളും പെരുമ്പാവൂര്‍, കോടനാട് സ്റ്റേഷനുകളില്‍ വാറണ്ടും ഉണ്ട്. പീച്ചി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.