ഓണത്തിന് കൊലുസ് വാങ്ങാനായി സ്വരൂകൂട്ടിയ പണം ദുരിതമനുഭവിച്ച കുഞ്ഞാവയ്ക്കായി കൈമാറി ആദിശ്രീ മാതൃകയായി. നെടുങ്കണ്ടം സ്വദേശിനിയായ നാല് വയസുകാരിയാണ് ഓണത്തിന് കൊലുസ് വാങ്ങാനായി സ്വരുകൂട്ടിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയത്.

ഇടുക്കി: ഓണത്തിന് കൊലുസ് വാങ്ങാനായി സ്വരൂകൂട്ടിയ പണം ദുരിതമനുഭവിച്ച കുഞ്ഞാവയ്ക്കായി കൈമാറി ആദിശ്രീ മാതൃകയായി. നെടുങ്കണ്ടം സ്വദേശിനിയായ നാല് വയസുകാരിയാണ് ഓണത്തിന് കൊലുസ് വാങ്ങാനായി സ്വരുകൂട്ടിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയത്.

നെടുങ്കണ്ടം വലിയവീട്ടില്‍ പി.വി അനില്‍കുമാറിന്‍റെയും ജിനുവിന്‍റെയും മകളായ ആദിശ്രീ പച്ചടി എസ്എന്‍എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. എല്ലാ ദിവസവും രാവിലെ പത്രവായനയില്‍ പിതാവിനൊപ്പം ഈ കൊച്ചു മിടുക്കിയും കൂടും. ചെറുതോണി പാലത്തിലൂടെ കുരുന്നിനേയും മാറോടണച്ച് രക്ഷാപ്രവര്‍ത്തകന്‍ ഓടുന്ന ചിത്രം കണ്ടതോടെ ആദിശ്രീ അച്ഛനോട് കാരണം ചോദിച്ചു. 

പത്രം വായിച്ച് സംഭവം പിതാവ് മകള്‍ക്ക് വിശദീകരിച്ചു നല്‍കി. ഇതോടെ ഓണത്തിന് കൊലുസുവാങ്ങാനായി കരുതിയ തന്‍റെ സമ്പാദ്യം മൂന്ന് വയസുകാരനായ സൂരജിന് നല്‍കണമെന്ന് ആദിശ്രീ അച്ഛനോട് ആവശ്യപ്പെട്ടുകയായിരുന്നു. കുടുക്ക ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ് ഭാനുകുമാറിന് കൈമാറി. അച്ഛനും അമ്മയും ഇടയ്ക്ക് നല്‍കുന്ന തുകയാണ് ആദിശ്രീ കുടുക്കയില്‍ സ്വരൂപിച്ചത്. ഒരു വര്‍ഷത്തെ സമ്പാദ്യമുണ്ട് കുടുക്കയില്‍. കൊലുസ് അടുത്ത ഓണത്തിന് വാങ്ങാനാണ് ഈ കൊച്ചുമിടുക്കിയുടെ തീരുമാനം.