ഈ മാസം അഞ്ചിന് രാത്രി ഏഴിന് ഇടവ അംബേദകര്‍ കോളനിർ സ്വദേശി രമേശനേയും ഭാര്യ സുലേഖയേയും സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി സുഹൃത്ത് സുജിത്ത് ആക്രമിച്ചത്.

തിരുവനന്തപുരം: ഇടവയിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെമ്മരുതി സ്വദേശി സുജിത്തിനെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് രാത്രി ഏഴിന് ഇടവ അംബേദകര്‍ കോളനിർ സ്വദേശി രമേശനേയും ഭാര്യ സുലേഖയേയും സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി സുഹൃത്ത് സുജിത്ത് ആക്രമിച്ചത്. സുഹൃത്ത് സ്കൂട്ടര്‍ ഓടിക്കാൻ ചോദിച്ചിട്ടും നൽകാത്തതിലെ വിരോദമാണ് ആക്രമണത്തിന് കാരണം. ചെമ്മരുതി മുട്ടപ്പാലം അച്ചുതൻ മുക്കിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ബിയര്‍ കുപ്പികൊണ്ട് രമേശന്‍റെ മുഖത്തടിച്ചായിരുന്നു ആക്രമണം. കണ്ണിൽ ചോരയൊലിച്ച് നിലത്തുവീണ രമേശനെ സുജിത്ത് അസഭ്യം പറയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ രമേശന്‍റെ ഭാര്യ സുലേഖ ബോധരഹിതയായി. നാട്ടുകാര്‍ വിവരം അറിയിച്ച് പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിലാക്കിയത്. 

മെഡിക്കൽ കോളേജിലും കണ്ണാശുപത്രിയിലും ചികിത്സ തേടിയ രമേശന്‍റെ ഇടതുകണ്ണിന്‍റെ കാഴ്ച നഷ്ടമാകാൻ സാധ്യതയുണ്ട് . സംഭവശേഷം ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോട്ടയം നാരകത്തോടെത്തി പൊലീസ് പിടികൂടിയത്. വര്‍ക്കല കോടതിയിൽ ഹാജരാക്കിയ സുജിത്തിനെ റിമാൻ ചെയ്തു.