മരിച്ച കോട്ടയം സ്വദേശി ജോയിയും സുഹൃത്തായ ആനക്കുളം സ്വദേശി സത്യൻ ബിനു എന്ന് അറിയപ്പെടുന്ന വിനോദും തമ്മില്‍ ഈ മാസം 21 നായിരുന്നു വഴക്കുണ്ടായത്.

ഇടുക്കി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഹോട്ടല്‍ തൊഴിലാളി മരിച്ചു. മാങ്കുളം ആനക്കുളത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹോട്ടലില്‍ തൊഴിലാളിയായിരുന്ന കോട്ടയം സ്വദേശി ജോയിയാണ് മരിച്ചത്. ഈ മാസം 21 നായിരുന്നു ജോയിയുടെ മരണത്തിന് കാരണമായ വഴക്കുണ്ടായത്. 

മരിച്ച കോട്ടയം സ്വദേശി ജോയിയും സുഹൃത്തായ ആനക്കുളം സ്വദേശി സത്യൻ ബിനു എന്ന് അറിയപ്പെടുന്ന വിനോദും തമ്മില്‍ ഈ മാസം 21 നായിരുന്നു വഴക്കുണ്ടായത്. ഇരുവരും വിനോദിന്റെ ആനക്കുളത്തെ വീട്ടിലിരുന്ന് മദ്യപിക്കുകയും സംഭവം പിന്നീട് വഴക്കില്‍ കലാശിക്കുകയുമായിരുന്നു. വഴക്കിനെ തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികെ ഞായറാഴ്ച്ച രാവിലെ ജോയിയുടെ മരണം സംഭവിച്ചു.

മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.വഴക്കുണ്ടായ 21ന് തന്നെ ജോയിയുടെ സുഹൃത്തായ സത്യൻ ബിനു എന്ന് അറിയപ്പെടുന്ന വിനോദിനെ മൂന്നാര്‍ സി.ഐ കെ.ആർ മനോജിൻ്റെ നേത്രത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന പ്രതിയെ ജോയിയുടെ മരണം സംഭവിച്ച സാഹചര്യത്തില്‍ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ആനക്കുളത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹോട്ടലിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയി.