കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന കോഴ നിയമനങ്ങളെ വിമര്‍ശിച്ച് ഒരു പിതാവ്. മകള്‍ സംസ്ഥാനത്തെ മികച്ച സര്‍വ്വകലാശാലകളില്‍ നിന്ന് റാങ്ക് വാങ്ങി വിജയിച്ചിട്ടും നിയമനം ശരിയാവാതെ വന്നതോടെയാണ് കാഞ്ഞിരപ്പള്ളി സ്വദേശി സഖറിയ ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയത്. 

നാട്ടില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അവസരം ലഭിക്കാതെ വന്നതോടെയാണ് സഖറിയയുടെ മകള്‍ സാറ കാനഡയിലേക്ക് പോയത്. 2017 ല്‍ 98 ശതമാനം മാര്‍ക്ക് നേടി എം എയ്ക്ക് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് നേടിയാണ് സാറ പാസായത്. പിന്നാലെ കോളേജ് അധ്യാപകര്‍ക്കുള്ള യുജിസി യോഗ്യതയായ നെറ്റും നേടി. എന്നിട്ടും കേരളത്തില്‍ സ്ഥിര ജോലി എന്ന സ്വപ്നത്തിലേക്ക് സാറയ്ക്ക് എത്താനായില്ല.

കേരളത്തിലെ പല എയ്ഡഡ് സ്ഥാപനങ്ങളിലും ജോലിയ്ക്കായി സമീപിച്ചിട്ടും നിരാശയായിരുന്നു ഫലം. റാങ്കോടെ പാസായി എന്ന് അറിയുമ്പോള്‍ ഉണ്ടാവുന്ന ആഗ്രഹങ്ങള്‍ക്ക് കനത്ത പ്രഹരമാണ് എയ്ഡഡ് മേഖലയില്‍ ഒരു ജോലിയ്ക്കായ് ശ്രമിച്ചപ്പോള്‍ മകള്‍ക്ക് ലഭിച്ചതെന്നും ഈ പിതാവ് പറയുന്നു.  തൃശൂര്‍ വിമല കോളേജില്‍ അഭിമുഖത്തിന് എത്തിയ മകളോട് കോട്ടയത്ത് നിന്ന് തൃശൂര്‍ വന്ന് ജോലി ചെയ്യണ്ട ആവശ്യമുണ്ടോയെന്നും മറ്റുമായിരുന്നു ചോദിച്ചത്. ആരെയോ നേരത്തെ തന്നെ പോസ്റ്റിലേക്ക് കണ്ടെത്തിയിട്ടാവാം അവര്‍ അഭിമുഖത്തില്‍ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നും സഖറിയ ആരോപിക്കുന്നു.

കുറഞ്ഞത് ആയിരം രൂപയാണ് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും അപേക്ഷ ഫീസായി കോളേജുകള്‍ വാങ്ങുന്നത്. ഓരോ പോസ്റ്റിനും മുന്നൂറും നാനൂറും ഉദ്യോഗാര്‍ത്ഥികളാണ് അഭിമുഖത്തിനെത്തുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് കോളേജില്‍ എത്തിയ മകളോട് 45 ലക്ഷം രൂപയാണ് തലവരിയായി തീരുമാനിച്ചിരിക്കുന്നത് എന്നും അതില്‍ കൂടുതല്‍ എത്ര നല്‍കുമെന്നുമാണ് അധികൃതര്‍ ചോദിച്ചതെന്ന് സഖറിയ എഴുതുന്നു. ഈ കാലത്തിനിടയ്ക്ക് കോളേജിലേക്ക് അധ്യാപക പോസ്റ്റുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ വിളിച്ചിട്ടില്ലെന്ന് സഖറിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

രണ്ട് വര്‍ഷത്തോളം കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ പ്രൈമറി സ്‌കൂളില്‍ ജോലി ചെയ്ത ശേഷമാണ് മകള്‍ രാജ്യത്തിന് പുറത്തേയ്ക്ക് ജോലി നോക്കിയത്. സംസ്ഥാനത്ത് ജോലി തിരക്കി നടന്ന സമയത്ത് പരിഗണിക്കപ്പെടാതിരുന്ന റാങ്കും, പഠനത്തിലെ മികവിനുമെല്ലാം കാനഡ സര്‍ക്കാര്‍ പരിഗണ നല്‍കിയെന്ന് സഖറിയ പറയുന്നു. പി ആര്‍ നല്‍കിയാണ് കാനഡയിലേക്ക് മകള്‍ പി എച്ച് ഡി ചെയ്യാനായി പോവുന്നതെന്ന് സഖറിയ പറഞ്ഞു. വിദേശത്തേയ്ക്ക് പോകാന്‍ വിവിധ ഏജന്‍സികളുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ അക്കാദമിക മികവുള്ള നിരവധി കുട്ടികളാണ് ഇത്തരത്തില്‍ ജോലി തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് പോവുന്നതെന്ന് അറിയാന്‍ സാധിച്ചെന്നും സഖറിയ പറയുന്നു. 

നമ്മുടെ നാടിന് ഉപകാരമാകേണ്ട യുവജനങ്ങളാണ് ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറി പാര്‍ക്കേണ്ടി വരുന്നതെന്ന് സഖറിയ പറയുന്നു. മകള്‍ക്ക് ജോലിയ്ക്കായി മുപ്പത് ലക്ഷം നല്‍കിയിട്ടും ജോലി ശരിയാകാതെ വന്നതോടെ ആ പണം വാങ്ങി മകളെ വിവാഹം കഴിപ്പിച്ച് അയക്കേണ്ടി വന്ന രക്ഷിതാവിനേയും തനിക്ക് നേരിട്ട് അറിയാമെന്ന് സഖറിയ പറയുന്നു. 

അക്കാദമിക നിലവാരം ഉയര്‍ത്താന്‍ മികച്ച ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞ് പിടിക്കേണ്ട സ്ഥാപനങ്ങള്‍ തലവരിപ്പണത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണുള്ളത്. റാങ്കുകള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ ഒരു പരിഗണനയും തൊഴില്‍ തേടി നടക്കുമ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇത്തരമൊരു സംവിധാനമെന്ന് സഖറിയ ചോദിക്കുന്നു. അക്കാദമിക മികവിന് ഒരു പരിഗണനയും ലഭിക്കാത്ത സാഹചര്യത്തില്‍ റാങ്ക് സംവിധാനം എടുത്ത് കളയുന്നതാണ് നല്ലതെന്നും ഈ പിതാവ് പരിതപിക്കുന്നു.  ഒരു കോളജ് അദ്ധ്യാപക നിയമനത്തിന് ചോദിക്കുന്ന ലക്ഷങ്ങള്‍ സാധാരണക്കാരന് താങ്ങാനാവാത്തതാണെന്നും സഖറിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.