തൃശൂര്‍: ഗോവണി പടിയില്‍ നിന്ന് വീണ് ഏഴുവയസുകാരി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അമ്മയില്‍ നിന്ന് കൂടുതല്‍ മൊഴിയെടുക്കാനാവാതെ പൊലീസ്. ദുരൂഹത നിറഞ്ഞ കേസില്‍ പൊലീസ് അലംഭാവം കാണിക്കുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കി കഴിഞ്ഞ ദിവസം സ്ഥലം എസ്‌ഐയെ ഉള്‍പ്പടെ തടഞ്ഞുവച്ചു. പ്രദേശത്തെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.

കുന്നപ്പിള്ളി പെരുമനപറമ്പില്‍ വിപിന്റെ മകള്‍ ആവണിയാണ് ഇക്കഴിഞ്ഞ 23ന് വൈകീട്ട് ഏഴോടെ വീടിനുള്ളിലെ ഗോവണിയില്‍ നിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഗോവണിപടിയില്‍ നിന്ന് വീണതുപോലുള്ള പരിക്കുകളല്ല മൃതദേഹത്തിലുണ്ടായിരുന്നെന്നത് സംശയത്തിനിട നല്‍കി.  

ആവണിയുടെ അമ്മ ഷാനി മോളാ(39)ണ് കുട്ടി ഗോവണി പടിയില്‍ നിന്ന് വീണതെന്ന് നാട്ടുകാരെയും പൊലീസിനെയും ആദ്യം അറിയിച്ചത്. മറ്റ്ദൃക്സാക്ഷികളാരും ഉണ്ടായിരുന്നില്ല. മകളുടെ സംസ്‌കാര ചടങ്ങിനായി വിദേശത്ത് നിന്നെത്തിയ വിപിനും ബന്ധുക്കളും മരണത്തില്‍ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തെളിഞ്ഞതിനെത്തുടന്ന് പൊലീസ് അന്വേഷണം നടത്തി. സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ ഷാനി മോളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. എന്നാല്‍ സംഭവശേഷം മാനസികാസ്വസ്ഥ്യത്തെ തുടര്‍ന്ന് കളമശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്ന ഷാനി ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ വിട്ടത്. 

വൈകീട്ടോടെയാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെ അന്വേഷണം മുടങ്ങി. മൂക്കനൂര്‍ എസ്എച്ച് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആവണി. കുട്ടിയുടെ ദേഹത്ത് മറ്റ് മുറിവുകള്‍ കണ്ടിരുന്നു. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടാക്കിയത്.

ഗള്‍ഫില്‍ നിന്ന് സംസ്‌കാരച്ചടങ്ങിനെത്തിയ കുട്ടിയുടെ അച്ഛന്‍ മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചോദിച്ചതോടെയാണ് ഷാനിക്ക് മാനസിക അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടര്‍ന്നാണ് ഇവരെ കളമശേരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലുള്ള ഇവരെ കൂടുതല്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരം ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.