ചാരുംമൂട്: രോഗിയായ വീട്ടമ്മയ്ക്ക് ചികിത്സാ സഹായം മാത്രമല്ല നല്ലൊരു കിടപ്പാടവും ഒരുക്കിനൽകി  ഒരു നാട്. നന്മ മരിക്കാത്ത സന്മനസുകൾ ഇനിയുമുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണിവർ.ആദിക്കാട്ടുകുളങ്ങരയിലാണ്  രോഗിയായ വീട്ടമ്മയ്ക്ക് ചികിത്സാ സഹായത്തിനൊപ്പം കിടപ്പാടവുമൊരുക്കി നാട്ടുകാരുടെ മാതൃക.

ആദിക്കാട്ടുകുളങ്ങര കൈതക്കോട്ടയ്യത്ത് പടിഞ്ഞാറേക്കര നബീസത്തിന്റെ കാലിലുണ്ടായ അപൂർവ്വ രോഗത്തിന്റെ ചികിത്സയ്ക്കായാണ്  ചികിത്സാസഹായ സമിതി പ്രവർത്തനം നടത്തിയത്.  11 ലക്ഷത്തോളം രൂപയാണ് ശേഖരിച്ചത്. എന്നാൽ ചികിത്സ കഴിഞ്ഞ് അധികമുണ്ടായിരുന്ന ഏഴ് ലക്ഷത്തോളം രൂപ ഉപയോഗിച്ച് വാസയോഗ്യമായ വീടില്ലാതിരുന്ന ഇവർക്ക് വീടുകൂടി നിർമിച്ചു നൽകാൻ സമിതി തീരുമാനിക്കുകയായിരുന്നു.