ലിബിയെ ജൂബലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് ലിബിയെ സസ്പെന്‍റ് ചെയ്തത്.
തൃശ്ശൂര്‍: തൃശ്ശൂരില്‍ സസ്പന്‍ഷനിലായ സിഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സിഐ പി എം ലിബിയാണ് ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തില്‍ പെട്രോളൊഴിച്ച് വാഹനം ഓടിക്കുകയായിരുന്നു. സിഐയെ തൃശൂര്‍ പാലിയേക്കര ടോളില്‍ വച്ച് ബലമായി കീഴടക്കി ആശുപത്രിയിലാക്കി. വയോധികനോട് അപമര്യാദയായി പെരുമാറിയതിന് പി എം ലിബിയെ സസ്പന്‍റ് ചെയ്തിരുന്നു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും യഥാര്‍ഥ പ്രതികളെ കാണിച്ച് തരാമെന്നും സന്ദേശം അയച്ചശേഷം കാറെടുത്ത പോന്ന ലിബിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ ചിറ്റൂര്‍ ഡിവൈഎസ്പി മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചു. പാലിയേക്കര ഭാഗത്തേക്കാണ് പോരുന്നത് എന്ന വിവരത്തെത്തുടര്‍ന്നാണ് ഒല്ലൂര്‍, പുതുക്കാട് പൊലീസും ഫയര്‍ ഫോഴ്സും കാത്തുനിന്നത്.
വാഹനമെത്തിയതിന് പിന്നാലെ ഗ്ലാസ് തകര്‍ത്ത് സിഐയെ കീഴ്പ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചശേഷമാണ് വാഹനമോടിച്ചത്. ചെറു കന്നാസിലും പെട്രോള്‍ കരുതിയിരുന്നു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ സിഐയെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
