കല്പറ്റയില്‍ നിന്നെത്തിയ മിനി ഫയര്‍ഫോഴ്സ് യൂണിറ്റ് മരം മുറിച്ച് മാറ്റിയ ശേഷമാണ്  ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു. പൂര്‍ണ്ണമായും മരക്കമ്പുകള്‍ക്ക് അടിയില്‍ കുടുങ്ങിപോയ രണ്ട് ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. ഇരുവര്‍ക്കും പരിക്കുകളില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ചാണ് ഓടികൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മരം വീണത്. 

സംഭവത്തില്‍ ഒരുമണിക്കൂറോളം ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടിപ്പര്‍ ഉപയോഗിച്ച് മരം റോഡരികിലേക്ക് തള്ളിമാറ്റി ഗതാഗതം ഭാഗികമായി പുനഃ:സ്ഥാപിച്ചു. പിന്നീട് കല്പറ്റയില്‍ നിന്നെത്തിയ മിനി ഫയര്‍ഫോഴ്സ് യൂണിറ്റ് മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.