ആലപ്പുഴ: ഇന്നും വൈശ്യം ഭാഗം ഗവ എൽ. പി. സ്കൂൾ പരിസരത്ത് മുത്തശ്ശി മാവ് തലയുയർത്തി നിൽക്കുകയാണ്.  കുട്ടനാട്ടിലെ പഴമക്കാരുടെ വാക്കുകളിൽ നിന്ന്മാവിന് 200 ലേറെവർഷം പഴക്കമുണ്ടെന്ന് വ്യക്തമായ തെളിവുണ്ട്. പ്രായത്തിനുമപ്പുറം രണ്ട് നൂറ്റാണ്ടിലെ മഹാപ്രളയങ്ങൾക്കും കുട്ടനാട്ടിലെ ഈ മരമുത്തശ്ശി സാക്ഷ്യം വഹിച്ചു. 99-ലെ വെള്ളപ്പൊക്കം എന്ന് വിശേഷിപ്പിക്കുന്ന 1924-ലെ പ്രളയത്തിനും,  2018-ലെ മഹാപ്രളയത്തിനും സാക്ഷിയാണ് ഈ മാവ് മുത്തശ്ശി. 

മാവുകളിൽ മൂപ്പൻ ഈ പുളിയനാണെന്ന് കുട്ടനാട്ടുകാര്‍ ഉറച്ച് വിശ്വസിക്കുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കൂടിയ മാവ് ഏതെന്ന് ചോദിച്ചാൽ കാർഷിക സർവകലാശാലയ്ക്കോ, വനം വകുപ്പിനോ കൃത്യമായ ഉത്തരമില്ല. ആറ് വർഷം മുമ്പ് വനം വകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ മരമുത്തശ്ശിമാരെ കണ്ടെത്താൻ സർവേ നടത്തിയിരുന്നു. എന്നാൽ അത് ശാസ്ത്രീയ രീതിയിലായിരുന്നില്ല. നാട്ടറിവുകൾ വച്ചാണ് അവരും പ്രായം കണക്കാക്കിയത്. കാർഷിക സർവകലാശാലയുടെ കണക്ക് പ്രകാരം ഒട്ടുമാവ് 50 വർഷവും, നാടൻ ഇനങ്ങൾ ശരാശരി 120 വർഷം വരെയുമാണ് സാധാരണ രീതിയിൽ നിലനിൽക്കുന്നത്. 

175ന് മുകളിലെ പ്രായം വിരളമെന്നാണ് ഗവേഷകരും പറയുന്നത്. രണ്ടാൾക്ക് ചേർന്ന് ചുറ്റിപ്പിടിക്കാനുള്ള വണ്ണമുണ്ട്. സീസണിൽ നല്ല പുളിയൻ മാങ്ങ കിട്ടും. മാങ്ങപെറുക്കാൻ വൈശ്യം ഭാഗത്തുകാര്‍  മുഴുവൻ കൂടും. ഇന്നും കുട്ടികൾക്ക് തണലേകി നിൽക്കുന്ന മാവിനെ സ്കൂൾ പി. ടി. എ. കല്ലുകെട്ടി, പടികളിൽ ടൈൽസ് പാകി സംരക്ഷിച്ചിട്ടുണ്ട്. ഒരു പ്രായമെത്തിയാൽ മാവിന്റെ വണ്ണം കൂടില്ല. അതിനാൽ വണ്ണം കൊണ്ട് പ്രായം കണക്കാകാനാകില്ല. ബെംഗളൂരു-മൈസൂർ ഹൈവേയിൽ ടിപ്പുവിന്റെ കാലത്ത് വച്ച് മാവുകളുണ്ട്. അതിന് 220-230 വയസ്സ് പ്രായം പറയാം. 

കാർബൺ ഡേറ്റിങ് ഉപയോഗിച്ച് മാവിന്റെ പ്രായം ഏകദേശം അറിയാൻ കഴിയും. മരത്തിന്റെ ഉള്ള് തുരന്നെടുത്ത് കിട്ടുന്ന ഒരു കോർ വച്ചാണ് ഇത് പരിശോധിക്കുന്നത്. വാർഷിക വിളയായതിനാൽ ഇവ അത്ര തെളിഞ്ഞ് കാണണമെന്ന് നിർബന്ധമില്ല. 90 ശതമാനം റിസൾട്ട് പ്രതീക്ഷിക്കാം. വളരെ ചെലവേറിയ പ്രക്രിയയാണ്. കേരളത്തിൽ ഇതിനുള്ള സംവിധാനമില്ല. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പരിശോധന നടത്താൻ കഴിയും