യുവാവിനും ഒരു കുട്ടിക്കുമായി തെരച്ചിൽ തുടരുന്നു. 

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിന്റെ ആത്മഹത്യ ഭീഷണി. കുട്ടികളെയും കൂട്ടി കാടിനകത്തേക്ക് പോയാണ് ആത്മഹത്യ ഭീഷണി. വിവരമറിഞ്ഞെത്തിയ ആശ പ്രവർത്തകർ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. യുവാവിനും ഒരു കുട്ടിക്കുമായി തെരച്ചിൽ തുടരുന്നു. അഗളി വനത്തിനുള്ളിലേക്കാണ് യുവാവ് കയറിപ്പോയത്. യുവാവും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവങ്ങളൊക്കെ ഉണ്ടായത്. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. ഇയാള്‍ 12 മണിയോടെ ചിറ്റൂരിലെ അങ്കണവാടിയിലെത്തുന്നു. ഇവിടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളുണ്ടായിരുന്നു. ഇവിടെ വെച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ആത്മഹത്യ ഭീഷണിക്ക് ശേഷം രണ്ട് കുട്ടികളെയുമായി ശ്രീകാന്ത് വനത്തിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശാ വര്‍ക്കറും നാട്ടുകാരും ചേര്‍ന്ന് ഒരു കുട്ടിയെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയെയുമായിട്ടാണ് ശ്രീകാന്ത് കാട്ടിനുള്ളിലേക്ക് കയറിപ്പോയിരിക്കുന്നത്. അഗളി പൊലീസ് ഇപ്പോള്‍ വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്. കുട്ടിയെയും ശ്രീകാന്തിനെയും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഉച്ചക്ക് അങ്കണവാടിയിലെത്തുന്പോള്‍ തന്നെ ശ്രീകാന്ത് മദ്യപിച്ച നിലയിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.