20കാരൻ ആദര്‍ശ് എന്ന സച്ചുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് സുഹൃത്തുക്കളായ യുവാക്കളെ കത്തി കാണിച്ച് പണവും ബൈക്കും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് കുന്ദമംഗലം സ്വദേശി മുരളീരവത്തില്‍ ആദര്‍ശ് എന്ന സച്ചുവിനെ(20) യാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രില്‍ 21ന് ഉച്ചയോടെയാണ് സംഭവം. നന്‍മണ്ട സ്വദേശിയായ വിപിന്‍ ചന്ദ്രനും സുഹൃത്തിനും നേരെയാണ് അതിക്രമമുണ്ടായത്. മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് ഇവര്‍ ഇരുവരെയും ആദര്‍ശ് തടഞ്ഞുനിര്‍ത്തുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന പണവും ബൈക്കും കവരുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതികളില്‍ ഒരാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കോടതിയില്‍ ഹാജരാക്കിയ ആദര്‍ശിനെയും റിമാൻഡ് ചെയ്തിട്ടുണ്ട്.