Asianet News MalayalamAsianet News Malayalam

പാവുക്കരയിൽ 300-ഓളം വീടുകളിൽ വെള്ളം കയറി, ജനജീവിതം ദുസഹം

തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ വരവിലും പമ്പാ, അച്ചൻ കോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നതോടെ പാവുക്കര, വള്ളക്കാലി പ്രദേശങ്ങൾ വെള്ളത്തിലായി. പാവുക്കരയിൽ 300-ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

about 300 houses were flooded leaving people stranded In Pavukkara
Author
Kerala, First Published Oct 12, 2021, 10:26 PM IST

മാന്നാർ: തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ വരവിലും പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നതോടെ പാവുക്കര, വള്ളക്കാലി പ്രദേശങ്ങൾ വെള്ളത്തിലായി. പാവുക്കരയിൽ 300-ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാന്നാർ പഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ വള്ളക്കാലി വാലേൽ ഭാഗം, ചെറ്റാള പറമ്പ്, പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ വീടുകളിൽ കഴിയുന്നവർ ആശങ്കയിലാണ്. 

പഞ്ചായത്ത് നാലാം വാർഡിൽപ്പെട്ട 45 -ൽ ഭാഗം, കിളുംനേരിഭാഗം, പേതുവൂർ ഭാഗം മാന്നാർ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പോതുവൂർ കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഞ്ചയോടു ചേർന്നു കിടക്കുന്ന മിക്ക വീടുകളിലും വെള്ളം കയറി ജനജീവിതമാകെ ദുസഹമായി. റോഡ് ഗതാഗതം താറുമാറായി. ഇനിയും മഴ തുടർന്നാൽ ക്യാമ്പിലോ, മറ്റ് സ്ഥലങ്ങളിലോ അഭയം പ്രാപിക്കേണ്ടി വരും. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് റവന്യു അധികൃതർ. 

ജലനിർഗമന മാർഗങ്ങളായ കാനകളിൽ മാലിന്യങ്ങളും ചെളിയും മണലും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതും തോടുകൾ നികത്തിയതുമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. മാന്നാർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി, കടപ്രമഠം ജംഗ്ഷനു സമീപത്ത് നിന്നും കിഴക്കോട്ട് കിടക്കുന്ന പഞ്ചായത്ത് റോഡിലാണ് വെള്ളക്കെട്ട് ഒഴിയാബാധയായി കിടക്കുന്നത്. ഏഴു മാസത്തോളമായിട്ടും ദുരിതം വിട്ടൊഴിയാതെ കഴിയുന്ന ഈ കുടുംബങ്ങൾ വീണ്ടും മഴയെത്തിയപ്പോൾ ആശങ്കയിലാണ്. 

ചെന്നിത്തലയിൽ വളളാംകടവ്, സ്വാമിത്തറ, ചില്ലി തുരുത്തിൽ, പുത്തനാർ, തേവർകടവ്, കുരയ്ക്കലാർ, തകിടി, നാമങ്കേരി, പറയൻങ്കേരി, പാമ്പനം ചിറ, വാഴക്കൂട്ടം, കാരിക്കുഴി, മുണ്ടോലിക്കടവ്, കാങ്കേരിദ്വീപ് ഈഴക്കടവ്, വലിയപെരുമ്പുഴ, പ്രായിക്കര എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി റോഡുകൾ മുങ്ങി ഗതാഗതം താറുമാറായി. മിക്ക വീടുകളിലും വെള്ളം കയറി ജനജീവിതമാകെ ദുസഹമായി. കഴിക്കൻ വെള്ളത്തിൻ്റെ വരവോടെ പാടങ്ങളെല്ലാം മുങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് റവന്യു അധികൃതർ. 

Follow Us:
Download App:
  • android
  • ios